കൊച്ചി നെടുമ്പാശേരിയിൽ ഞായറാഴ്ച്ച പുലർച്ചെ രണ്ടു മണിക്കു അമിതവേഗത്തിൽ ഓടിച്ച കാറിടിച്ചു മൂന്നു പേർ മരിച്ചതിന്റെ ഞെട്ടൽ മാറാതെ കേരളം. സമ്പന്ന കുടുംബത്തിലെ യുവാവ് മദ്യം നിഷേധിക്കപ്പെട്ട പ്രായത്തിൽ അമിതമായി മദ്യപിച്ചു നടത്തിയ പേക്കൂത്തിൽ പൊലിഞ്ഞത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് അത്താണിയായ മൂന്നു പേരുടെ ജീവനാണ്.
കാക്കനാട് ഫ്ലാറ്റിൽ താമസിച്ചു ബി കോമിനു പഠിക്കുന്ന ആലപ്പുഴ സ്വദേശി സുഹൈൽ സജീവ് (19) പിറന്നാൾ ദിനത്തിൽ ‘അമ്മ നൂഹ സജീവ് സമ്മാനിച്ച കാറുമായി കൊച്ചിയിൽ വിലസാനിറങ്ങിയതു മൂന്ന് കൂട്ടുകാരുമൊത്ത് മൂന്നു ബാറുകളിൽ മാറിമാറി മദ്യപിച്ചു മിനുങ്ങിയാണെന്നു വെളിപ്പെട്ടിട്ടുണ്ട്. സുഹൃത്ത് നിനവിന്റെ സുഹൃത്തിനെ കൂട്ടാൻ എയർപോർട്ടിലേക്കു പോകുമ്പോൾ അവസാന മദ്യപാനവും അത്താഴവും നെടുമ്പാശേരി പഞ്ചനക്ഷത്ര മാരിയറ്റ് ഹോട്ടലിൽ നിന്നായിരുന്നു.
കൊച്ചിയിൽ സജീവ് ചെയർമാനായ IHA ഡിസൈൻ സ്റ്റുഡിയോയുടെ എം ഡി ആയ നൂഹ നൽകിയ മിനി കൂപ്പർ വാപ്പയുടെ പേരിൽ വാങ്ങിയതാണ്. സുഹൈലിന്റെ കുടുംബം യുവാവിന് അഴിഞ്ഞാടാൻ അവസരങ്ങൾ നൽകിയെന്ന ആരോപണങ്ങൾക്കിടയിൽ അയാളുടെ ‘അമ്മ ജന്മദിനത്തിൽ മിനി കൂപ്പർ സമ്മാനിക്കുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ദീർഘകാലമായി സുഹൈൽ ആഗ്രഹിച്ചിരുന്ന വാഹനം പിറന്നാൾ ദിനത്തിൽ സമ്മാനിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ‘അമ്മ പറയുമ്പോൾ അമിതമായ സമ്പത്തിൽ പരസ്യമായി അഹങ്കരിക്കാൻ ഉളുപ്പില്ലാത്ത കുടുംബത്തിന്റെ ചിത്രം അതിൽ കാണുന്നുണ്ട്.
മറുവശത്ത്, കൊല്ലപ്പെട്ട മൂന്നു പാവങ്ങളുടെ വീട്ടിലെ അവസ്ഥ ടെലിവിഷൻ ചാനലുകൾ അവതരിപ്പിക്കുന്നുമുണ്ട്. വിദൂരമായ സ്ഥലങ്ങളിൽ നിന്നു കൊച്ചിയിൽ വന്നു പാർട്ട് ടൈം ജോലികൾ ചെയ്തു പഠിച്ചു കൊണ്ടിരുന്ന യുവാവും യുവതികളും ദരിദ്ര കുടുംബങ്ങളുടെ ആശ്രയം ആയിരുന്നു എന്നതാണ് ഏറെ വേദനിപ്പിക്കുന്നത്.
അവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ പിന്നിൽ ഏതാണ്ട് 200 കിലോമീറ്റർ വേഗതയിൽ ഓടിച്ച ലക്ഷ്വറി കാർ സുഹൈൽ ഇടിച്ചു കയറ്റുകയായിരുന്നു. നൂറു മീറ്ററോളം സ്കൂട്ടർ വലിച്ചു കൊണ്ടുപോയപ്പോൾ ദേവികയും (21) ഗോപികയും (22) അവിടെത്തന്നെ വീണു മരിച്ചു. ഇജാസ് (22) ആശുപത്രിയിൽ എത്തിച്ച ശേഷവും.
കർണാടക കനകമജലു സുന്നമൂല പെൽതടുക്ക എന്ന സ്ഥലത്തു പി എ ഇ ഇബ്രാഹിമിന്റെ മകനാണ് തൃക്കാക്കരയിലെ ഒരു കടയിൽ ജോലി ചെയ്യുകയും അതേ സമയം പഠനം തുടരുകയും ചെയ്തിരുന്ന ഇജാസ്. ഹെവി ലൈസൻസ് എടുക്കാനുള്ള പഠനവും ഇജാസ് നടത്തിയിരുന്നു. ബസോ ലോറിയോ ഓടിക്കാൻ ഉദ്ദേശിച്ചിരുന്നു എന്നാണ് കരുതേണ്ടത്.
വയനാട് കൽപറ്റയിലെ സാധാരണ കുടുംബത്തിന്റെ പ്രതീക്ഷ ആയിരുന്നു ദേവിക. കൊച്ചിയിൽ ബി ബി എ കഴിഞ്ഞു ലോജിസ്റ്റിക്സ് പഠിക്കയായിരുന്നു. പാലക്കാട് മണ്ണാർകാട്ടുകാരിയാണ് ഗോപിക. ബി സി എ പാസായ ഗോപിക ഡാറ്റ അനലിസ്റ്റിക് കോഴ്സിനാണ് പഠിച്ചിരുന്നത്.
നെടുമ്പാശേരിയിൽ കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിന് സമീപം അത്താണി കവലയിലാണ് ഞായറാഴ്ച്ച പുലർച്ചെ രണ്ടു മണിയോടെ സുഹൈൽ അമിതവേഗത്തിൽ മിനികൂപ്പർ സ്കൂട്ടറിൽ ഇടിച്ചു കയറ്റിയത്. എയർപോർട്ട് അടുത്തുള്ളതു കൊണ്ടു 24 മണിക്കൂറും തിരക്കേറിയ ഗതാഗതം ഉള്ള സ്ഥലമാണിത്. 120 കിലോമീറ്റർ വേഗത്തിലാണ് ഓടിച്ചിരുന്നതെന്നു സുഹൈൽ പോലീസിനോടു സമ്മതിച്ചു എന്നാണ് റിപ്പോർട്ട്.
മൂക്കു മുട്ടെ കുടിക്കാൻ പ്രത്യേക ലൈസൻസ്
കേരളത്തിലെ മദ്യശാലകളിൽ എഴുതി വച്ചിട്ടുള്ള ബോർഡ് 23 വയസിൽ താഴെയുള്ളവർക്കു മദ്യം നൽകില്ല എന്നാണ്. എന്നാൽ 19 വയസ് മാത്രമുളള സുഹൈൽ ഞായറാഴ്ച്ച ഉച്ച മുതൽ കയറി മദ്യപിച്ച മൂന്നു ബാറുകൾക്കെതിരെ നടപടിക്ക് മന്ത്രി ഉത്തരവിട്ടിട്ടുണ്ട്. വൈറ്റിലയിൽ സഹോദരൻ അയ്യപ്പൻ റോഡിലെ ബാർ, പാലാരിവട്ടത്തെ ബാർ, നെടുമ്പാശേരി മാരിയറ്റിലെ ബാർ എന്നിവിടങ്ങളിൽ നിന്നു ദൃശങ്ങൾ സുഹൈലിന്റെ ഫോണിൽ നിന്നു തന്നെ ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
പഞ്ചനക്ഷത്ര ഹോട്ടലിലെ ബാറിൽ മദ്യപിച്ചു ഭക്ഷണവും കഴിച്ച ശേഷമാണ് സുഹൃക്കളായ നിനവ്, അമീർ, ജോയൽ എന്നിവരുമൊത്തു നിനവിന്റെ കൂട്ടുകാരനെ കൂട്ടിക്കൊണ്ടു വരാൻ എയർപോർട്ടിലേക്ക് പോയത്. അമീറും ജോയലും അപകടം ഉണ്ടായപ്പോൾ കാറിൽ നിന്നിറങ്ങിയോടി രക്ഷപ്പെട്ടിരുന്നു. നിനവിൽ നിന്നാണ് അവരെക്കുറിച്ചു പോലീസിനു വിവരം കിട്ടിയത്. ആലപ്പുഴയിൽ നിന്ന് അവരെ പൊക്കിയതായി പോലീസ് അറിയിച്ചു.
അടങ്ങാത്ത ധാർഷ്ട്യം
മൂന്നു പേരെ ഇടിച്ചു വീഴ്ത്തിയിട്ടും യുവാവിന്റെ ധാർഷ്ട്യം കണ്ടപ്പോൾ ക്ഷോഭിച്ച ജനങ്ങൾ അയാളെ കൈയ്യേറ്റം ചെയ്തു. പ്രതിയെ സംരക്ഷിക്കേണ്ട ചുമതല പോലിസിനുണ്ടായി. “വേഗത്തിൽ വണ്ടിയോടിച്ചാൽ എന്താ? റോഡുകൾ എന്തിനാണ്? കാറോടിക്കാനല്ലേ?” എന്നാണ് സുഹൈൽ ജനത്തോടു ചോദിച്ചത്. ജനങ്ങൾ തന്നെയാണ് രക്ഷപെടാൻ ശ്രമിച്ച അയാളെ തടഞ്ഞു പോലിസിൽ ഏല്പിച്ചത്.
മനപ്പൂർവ്വമായ നരഹത്യക്ക് കേസെടുക്കണം എന്നാണ് മരിച്ചവരുടെ കുടുംബങ്ങൾ ആവശ്യപ്പെടുന്നത്. ഭാരതീയ ന്യായ സംഹിത 105 അനുസരിച്ചു അലക്ഷ്യമായി വാഹനം ഓടിച്ചതു കൊണ്ടുണ്ടായ അപകടത്തിനാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ജയിലിലേക്കല്ല, ദുർഗുണ പരിപാഠ ശാലയിലേക്കാണ് സുഹൈലിനെ കോടതി അയച്ചത്. 18-21 പ്രായക്കാർക്കുള്ള സ്ഥലമാണത്. സുഹൈലിന്റെ ഫ്ലാറ്റ് നിൽക്കുന്ന കാക്കനാട് തന്നെയുള്ള ജയിലിനുള്ളിലാണ് ഈ ഇടം.
“കേസൊക്കെ എന്റെ വാപ്പ നോക്കിക്കൊള്ളും” എന്നു സുഹൈൽ പറഞ്ഞത് ഇപ്പോൾ നാട്ടുകാർ മുഴുവൻ ഏറ്റുപറയുന്നുണ്ട്. കോടികളുമായി സുഹൈലിന്റെ രക്ഷയ്ക്കു വേണ്ടപ്പെട്ടവർ തിരുവനന്തപുരത്തു എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ലഹരി വേട്ടയുമായി പ്രതിച്ഛായ വളർത്താൻ തൂഫാൻ ശ്രദ്ധ വച്ചിട്ടുള്ള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വഴങ്ങുമോ എന്നതാണ് കാണേണ്ടത്. പി പി മാത്യു, കൺസ്ൾട്ടിങ് എഡിറ്റർ – nrifocus.com

Leave a Reply