ഫ്‌ളൈദുബായിയുടെ ദുബായ്-ടെൽ അവീവ് ഫ്ലൈറ്റിൽ ക്യാപ്റ്റനെ ആക്രമിച്ച കോ-പൈലറ്റ് വിമാനം തട്ടിയെടുത്തു തകർക്കാൻ ശ്രമിക്കയായിരുന്നു എന്ന വിശ്വാസത്തിലാണ് ലോകം എന്നു കരുതുന്നത് വെറും സാമാന്യ യുക്തി മാത്രമാണ്. അതൊരു ഭീകരാക്രമണ പദ്ധതിയുടെ ഭാഗമായിരുന്നു എന്നു യു എ ഇ അറ്റോണി ജനറൽ ഹമദ് സൈഫ് അൽ ഷംസി വ്യക്തമായി പറഞ്ഞത് അവിശ്വസിക്കേണ്ട കാര്യവുമില്ല. ഒമാനിയായ പൈലറ്റ് ഹമാം അൽ ഹമാമിയെ യു എ ഇ അധികൃതർ ചോദ്യം ചെയ്തതിനു ശേഷമുള്ള പ്രാഥമികമായ അറിയിപ്പാണത്.
അത്രയും ഗൗരവമായ ഒരു ആരോപണം എടുത്തുചാടി ഉന്നയിക്കുന്ന രാജ്യമല്ല യു എ ഇ എന്നത് മുൻകാല അനുഭവങ്ങൾ തെളിയിച്ചിട്ടുള്ളതാണ്. വ്യക്തമായ തെളിവുകൾ — ഒരു പക്ഷെ ഹമാമിയുടെ കുറ്റസമ്മതം തന്നെ — അവർക്കു ലഭ്യമായി എന്നു കരുതണം.
ഒക്ടോബർ 27നു പൊതു തിരഞ്ഞെടുപ്പ് നേരിടുന്ന ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഈ വിഷയത്തിൽ പറയുന്നതിലൊക്കെ രാഷ്രീയ സ്പർശം ഉണ്ടായെന്നു വരാം. പറയുന്നതിൽ വിശ്വസനീയത വേണമെന്നു നിർബന്ധമില്ലാത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും നമുക്ക് അവഗണിക്കാം. പക്ഷെ ഹമാമിയെ കസ്റ്റഡിയിൽ വച്ചു ചോദ്യം ചെയ്യുന്ന യു എ ഇ അധികൃതരെ അവിശ്വസിക്കേണ്ട കാരണമില്ല.
അപ്പോൾ, ലോകം അറിയുന്ന നിഗമനം ഇതാണ്: ഫ്ലൈറ്റ് 1073 തട്ടിയെടുത്തു തകർക്കാൻ ആയിരുന്നു ഹമാമി ശ്രമിച്ചത്. അതിനെ ചെറുക്കുമെന്ന് ഉറപ്പുള്ള ക്യാപ്റ്റൻ സ്മിത് മച്ചാറിനെ അയാൾ ആക്രമിച്ചു. ക്യാപ്റ്റൻ കോക്പിറ്റ് ഡോർ തുറന്നതു കൊണ്ടു യാത്രക്കാർ അകത്തു കയറി അക്രമിയെ കീഴടക്കി.
എന്നാൽ കേരളത്തിൾ ‘ജിഹാദി’ മാധ്യമങ്ങൾ എന്നു വിശേഷിപ്പിക്കുന്ന ഒരു വിഭാഗം നടത്തുന്ന കടകവിരുദ്ധമായ പ്രചാരണം കൂടി നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. സാമാന്യ ബുദ്ധിക്കു നിരക്കാത്ത അവരുടെ വാദങ്ങൾ ചിരി ഉണർത്തുമെങ്കിലും അതിനു പ്രചോദനമാവുന്ന വികാരങ്ങൾ ആശങ്ക ഉയർത്തുന്നതുമാണ്. സോഷ്യൽ മീഡിയയിലും കടന്നു കൂടിയിട്ടുണ്ട് അക്കൂട്ടർ. അവരുടെ കാഴ്ചപ്പാടിൽ, ഫ്‌ളൈദുബായ് ഫ്ലൈറ്റിൽ നടന്നത് വെറുമൊരു നാടകമാണ്. ഇസ്രയേലി തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ വിജയം ഉറപ്പാക്കുന്ന വിധം ജനങ്ങളെ സ്വാധീനിക്കുന്ന വികാരക്ഷോഭം ലക്ഷ്യമിട്ട നാടകം.
അതങ്ങനെ സ്ഥാപിക്കാൻ ടെലിവിഷൻ മുതൽ അച്ചടി മാധ്യമങ്ങൾ വരെ ഉൾപ്പെട്ട ജിഹാദി മീഡിയ ഏറെ കഷ്ടപ്പെടുന്നുണ്ട്. സാദാ ജനം ചോദിക്കുന്ന ചോദ്യം ഇതാണ്: വിമാനത്തിൽ ഉണ്ടായിരുന്ന 174 യാത്രക്കാരിൽ ഭൂരിപക്ഷവും ഇസ്രയേലികൾ ആയിരുന്നു എന്നിരിക്കെ ‘നാടകം’ ചീറ്റിപ്പോയാൽ എന്താകുമായിരുന്നു?
വലിയ ബുദ്ധിമാന്മാരാണ് എന്ന ഭാവത്തിൽ ചാനലിൽ വന്നിരുന്നു ഈ വാദം അവതരിപ്പിക്കുന്നവർക്കു മുസ്ലിംകൾ എന്ന നിലയിൽ യഹൂദന്മാരോടു ചരിത്രപരമായുള്ള വിദ്വേഷം മനസിലാക്കാൻ കഴിയുന്നതാണ്. എന്നാൽ കേരളത്തിലെ ജനങ്ങൾ സാമാന്യ യുക്തിക്കു നിരക്കാത്ത സിനിമകൾ പോലും തള്ളിക്കളയുന്നവരാണ് എന്ന സത്യം എന്തേ അവർ മറക്കുന്നു?
മാധ്യമപ്രവർത്തനത്തിൽ അടിസ്ഥാനപരമായി വിശ്വസനീയത ഉണ്ടാവണം. അതല്ലാതെ ഒരു വാദവും നിലനിൽക്കില്ല.
സോഷ്യൽ മീഡിയയിൽ നിന്ന് ഒരു കുറിപ്പ്:
“ഒരു Boeing 737 MAX 5000 മീറ്റർ 1 മിനിറ്റിൽ താഴേക്ക് പോകുമ്പോൾ ഉള്ളിൽ ഉള്ള എല്ലാ, കത്തി പോലെ മാരകായുധം എങ്ങനെ സെക്യൂരിറ്റി ചെക്കിങ്ങ് കഴിഞ്ഞ് ഫ്ലൈറ്റ് നുള്ളിൽ എത്തി – സിനിമയിൽ മാത്രം നടക്കുന്ന കാര്യം പോലെ തോന്നും., ഒമാൻ ഇസ്രായേലിനെ അംഗീകരിച്ചിട്ട് പോലുമില്ല, എന്നിട്ട് ഒമാനി പൈലറ്റിന് എങ്ങനെ Tel Aviv റൂട്ടിൽ ക്ലിയറൻസ് കിട്ടി? ഇതിലും വലിയ ലോജിക് കേട് വേറെയില്ല., അവർ തന്നെ ലാൻഡ് ചെയ്തു. ഇത്രയും തികഞ്ഞ timing…, 2 പൈലറ്റ് കൂടി യാത്രക്കാരായി ഉണ്ടായിരുന്നു എന്നത്:* എന്തൊരു കോയിൻസിഡൻസ്? ആക്രമി ഉള്ള ഫ്ലൈറ്റിൽ തന്നെ രണ്ട് എക്സ്ട്രാ Flydubai പൈലറ്റുമാരും യാത്രക്കാരായി ഉണ്ടായിരുന്നു.”
മറ്റൊന്ന്: “വിമാനം അതിവേഗം താഴേക്ക് പതിക്കുമ്പോൾ അതിനുള്ളിലുള്ള ആളുകൾക്ക് സീറ്റിൽ നിന്ന് എഴുന്നേൽക്കാനോ നടക്കാനോ കഴിയില്ല. ‘Zero Gravity’ അവസ്ഥ കാരണം ആളുകളും വസ്തുക്കളും വിമാനത്തിനുള്ളിൽ പൊങ്ങിപ്പറക്കുകയോ അല്ലെങ്കിൽ കടുത്ത സമ്മർദ്ദം കാരണം സീറ്റിൽ തളർന്നുപോകുകയോ ചെയ്യും., Something spelling mistake smell., ഇന്നത്ത ജൂതൻമാർ Anti Christ ദജ്ജാലിൻ്റെ അടിമകളാണ്. മനുഷ്യവർക്കത്തിൻ്റെ ശത്രു ജൂതൻമാരാണ് എന്ന് ബൈബിൾ തെസ്സലൊനിക്കയർ വചനം 2:15 പറയുന്നു.”
ക്യാപ്റ്റൻ കോക്ക്പിറ്റ് ഡോർ തുറന്നു എന്നതിനെ ഒരു ജിഹാദി മാധ്യമം ചോദ്യം ചെയ്തത് കൗതുകകരമായി. അങ്ങിനെ തുറക്കാൻ കഴിയുന്നതല്ല കോക്ക്പിറ്റ് ഡോർ എന്നവർ വാദിക്കുന്നത് ആത്യന്തിക വിദഗ്ധരാണ് എന്ന മട്ടിലാണ്. ആക്രമിക്കാൻ ഹമാമിക്കു മഴു എങ്ങിനെ കിട്ടി എന്ന ചോദ്യം അവർ ഉയർത്തുന്നുണ്ട്. ഒരു പ്ലംബർക്കു എങ്ങിനെ വിമാനം പറപ്പിക്കാൻ കഴിയും എന്നും ചോദിക്കുന്നു.
കോക്ക്പിറ്റ് ഡോർ തുറക്കാൻ കഴിയില്ല എന്ന വാദം എന്തടിസ്ഥാനത്തിലാണ് ഉയർത്തുന്നതെന്നു വ്യക്തമല്ല. നാടകമാണെന്ന വാദം തെളിയിക്കാൻ മാത്രമാവാം. പൈലറ്റിനു തുറക്കാൻ കഴിയില്ല എന്നു വിശ്വസിക്കാൻ ജിഹാദികൾക്കു മാത്രമേ കഴിയൂ.
ക്രാഷ് ആക്സ് എന്ന മഴു വിമാനങ്ങളുടെ കോക്പിറ്റിൽ സൂക്ഷിക്കുന്നത് അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനാണ് എന്നതു ഇപ്പോൾ അറിയപ്പെട്ട കാര്യമാണ്. മുൻപ് വിമാനത്തിൽ മറ്റെവിടെയെങ്കിലും വച്ചിരുന്ന ആക്സ് കോക്പിറ്റിലേക്കു മാറ്റിയത് ന്യൂ യോർക്കിൽ ട്വിൻ ടവറുകൾ തകർത്ത അൽ ഖായ്ദ ആക്രമണത്തിനു ശേഷമാണ്.
പ്ലംബർ വിമാനം പറപ്പിച്ചു എന്ന കഥ സദാ പ്രചാരണത്തിനു മുട്ടി നിൽക്കുന്ന ഇസ്രയേലി മാധ്യമങ്ങളുടെ ഘോഷണമായിരുന്നു. അത് ശരിയല്ലെന്നും റിസർവ് പൈലറ്റുമാർ വിമാനത്തിൽ ഉണ്ടായിരുന്നു എന്നും പിന്നീട് വെളിപ്പെട്ടു. രണ്ടു യൂറോപ്യൻ വംശജർ. അവരാണ് വിമാനം സൗദിയിലെ തബൂക്കിൽ ഇറക്കിയത്.
യഥാർഥത്തിൽ കേരള ജിഹാദികൾക്കു ഏറ്റവും നിരാശ പകരാവുന്നതു അൽ ഖായ്ദയുടെ പ്രസ്താവനയാണ്. യെമെനിലെ അൽ ഖായ്ദ ശാഖയായ എ ക്യൂ എ പി ആഹ്വാനം ചെയ്യുന്നത് ഫ്‌ളൈദുബായ് വിമാനം തട്ടിയെടുക്കാൻ ശ്രമിച്ച ഒമാനി പൈലറ്റിനെ കണ്ടു പഠിക്കണം എന്നാണ്.
ഹമാമി നടത്തിയതു പോലുള്ള ശ്രമങ്ങൾ മറ്റുള്ളവരും യുഎസ്, ഇസ്രയേലി വിമാനങ്ങൾക്കു നേരെ നടത്തണം എന്നവർ പറയുന്നു. അവരുടെ ‘അൽ ബയാൻ’ പ്രസിദ്ധീകരണത്തിൽ വേൾഡ് ട്രേയ്ഡ് സെന്ററിൽ വിമാനം ഇടിച്ചു കയറുന്ന ചിത്രവും ഈ ആഹ്വാനത്തോടൊപ്പം നൽകിയിട്ടുണ്ട്.
“ഈ യുദ്ധം കഴിഞ്ഞിട്ടില്ല, സയണിസ്റ്റുകളെയും അമേരിക്കക്കാരെയും ഇസ്ലാമിനെതിരെ താക്കീതു നൽകുന്ന അവിശ്വാസികളെയും കൊണ്ടുപോകുന്ന വിമാനങ്ങൾ ഇപ്പോഴും ആകാശങ്ങളിൽ പറക്കുന്നുണ്ട്. സെപ്റ്റംബർ 11നും സെപ്റ്റംബർ 30നും തെളിയിച്ചതു പോലെ അവർ ആക്രമണങ്ങൾ ഏതു സമയത്തും നേരിടാം.”
ഈ കുറ്റസമ്മതം കേരളാ ജിഹാദികൾ കേട്ടില്ലെന്നു വരുമോ? – പി പി മാത്യു, കൺസ്ൾട്ടിങ് എഡിറ്റർ – nrifocus.com

Leave a Reply