വിനാശത്തിനും സംഹാരത്തിനുമപ്പുറം പുത്തൻ നാമ്പുകൾ മുളയ്ക്കുന്ന പ്രഭാതങ്ങൾ പ്രകൃതിയുടെ നിയമമാണ്. യുദ്ധങ്ങൾക്കു ശേഷവും അതു തന്നെയാണ് സംഭവിക്കുക. മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ ഗണ്യമായി പരുക്കേറ്റ ഇറാന്റെ പുനർ നിർമാണം ഇനി ആരംഭിക്കയായി. അതോടൊപ്പം നാശനഷ്ടങ്ങൾ ഏറ്റുവാങ്ങിയ ഗൾഫ് രാജ്യങ്ങളുടെയും. സമാധാനം പുലരുകയാണെങ്കിൽ ലെബനനിലും പുനർനിർമാണം ആരംഭിക്കുമെന്നു പ്രതീക്ഷിക്കാം. ഇസ്രയേലിനും അത് ആവശ്യമാവും എന്നാണ് കാണുന്നത്.
കേരളത്തിൽ നിന്നു മിഡിൽ ഈസ്റ്റിലേക്കു ഒഴുകുന്ന തൊഴിലാളി സമൂഹത്തിനു പുത്തൻ സാദ്ധ്യതകൾ തുറന്നിടുകയാണ് ഇതെല്ലാം. സാങ്കേതിക, സാമ്പത്തിക, ആരോഗ്യ രക്ഷാ രംഗങ്ങളിൽ ആളുകളെ എടുക്കുന്നത് ഊർജ്ജിതമായിട്ടുണ്ടെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിദഗ്ദ്ധ പരിശീലനം നേടിയവരെയാണ് ഈ രംഗങ്ങളിൽ തേടുന്നത്.
അവിദഗ്ദ്ധ തൊഴിലാളികൾക്കും അവസരങ്ങൾ വർധിക്കുമ്പോഴാണ് കൂടുതൽ വലിയ തോതിലുള്ള പ്രവാഹം ഉണ്ടാവുക. ഗൾഫിലേക്ക് എപ്പോഴും സ്വാഗതം ചെയ്യപ്പെടുന്നവരാണ് കേരളത്തിൽ നിന്നുള്ള അവിദഗ്ദ്ധ തൊഴിലാളികളും വിദഗ്ദ്ധരും. അതു കൊണ്ടു തന്നെ മന്ദീഭവിച്ചു പോയ പ്രവർത്തന മേഖലകളിൽ നമുക്കു വീണ്ടും പ്രതീക്ഷ അർപ്പിക്കാൻ കഴിയുമെന്ന സാധ്യതയാണ് കാണുന്നത്.
അത്തരം സ്വീകാര്യത സമീപ കാലത്തായി ഇസ്രയേലിലും കണ്ടിരുന്നു — കൂടുതലായും ആരോഗ്യ രക്ഷ പോലുള്ള മേഖലകളിൽ ആണെങ്കിലും. എന്നാൽ പുനർ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചാൽ മറ്റു വിഭാഗങ്ങൾക്കും വാതിൽ തുറക്കുമെന്ന പ്രതീക്ഷ ന്യായമാണ്.
ഇറാനിലേക്കു കേരളത്തിൽ നിന്നു വലിയ തൊഴിലാളി പ്രവാഹം ഉണ്ടായിരുന്നില്ല. അവിടേക്കു പോകുന്നവർ അധികവും മെഡിക്കൽ വിദ്യാർഥികൾ ആയിരുന്നു. എന്നാൽ യുഎസ് വാഗ്‌ദാനം ചെയ്‌തിട്ടുള്ള $300 ബില്യൺ (300,00 കോടി ഡോളർ) ഇറാനിലെ തകർന്നു തരിപ്പണമായി പോയ മേഖലകളിൽ പുനർ നിർമാണത്തിനു വിനിയോഗിക്കുമ്പോൾ കൂടുതൽ നിർമാണ തൊഴിലാളികളുടെ ആവശ്യം തീർച്ചയായും ഉണ്ടാവും.
ഇന്ത്യൻ കമ്പനികൾക്കു ഏറെ സ്വീകാര്യതയുളള ഇറാനിൽ അത്തരം സംരംഭങ്ങൾ ഉണ്ടാവുമ്പോൾ കേരളത്തിൽ നിന്നുള്ളവർക്കും സാദ്ധ്യതകൾ പ്രതീക്ഷിക്കുന്നത് ന്യായമാണ്. അതിൽ അവിദഗ്ദ്ധരെ പോലെ തന്നെ വിദഗ്‌ധരും വേണ്ടി വരുമെന്നതാണ് സാധ്യത. ഇറാനിൽ തന്നെ ഈ രണ്ടു വിഭാഗങ്ങളും ലഭ്യമാണെങ്കിലും പുനർ നിർമാണം അതി വിപുലമാവുമ്പോൾ പുറത്തു നിന്നുള്ളവരെ കൊണ്ടു വരേണ്ട ആവശ്യവും അവർക്ക് ഉണ്ടാവുമെന്നു നിരീക്ഷകർ പറയുന്നുണ്ട്.
ലെബനനിൽ അത്രയധികം പ്രതീക്ഷ വയ്‌ക്കേണ്ടതില്ല എന്നാണ് മുൻകാല അനുഭവങ്ങൾ നൽകുന്ന സൂചന. ഇന്ത്യയിലേക്ക് അവർ എത്തിപ്പിടിക്കാറില്ല. മാത്രമല്ല, ഹിസ്‌ബൊള്ള തീവ്രവാദികളെ ഉന്മൂലനം ചെയ്യുക എന്ന ലക്‌ഷ്യം ആവർത്തിക്കുന്ന ഇസ്രയേൽ യുഎസ് ഉണ്ടാക്കിയ കരാർ തങ്ങൾക്കു പ്രസക്തമല്ലെന്നു നിഷ്കർഷിക്കുമ്പോൾ സമാധാന സാധ്യതകളെ കുറിച്ചു തന്നെ സംശയം ഉയരുകയാണ്.
ലിബിയയിൽ ഏകാധിപതി മുഅമ്മർ ഖദ്ദാഫിയുടെ വീഴ്ചയ്ക്കു ശേഷമുണ്ടായ സാഹചര്യം സമാനമായിരുന്നു. ആഫ്രിക്കൻ രാജ്യത്തിൻറെ മണലാരണ്യത്തിൽ ജോലി ചെയ്യാൻ മലയാളികളും പോയിട്ടുണ്ട് എന്നതു കൊണ്ട് ലിബിയ പുതിയ തൊഴിൽ സാധ്യതയാവുന്നു എന്നു പലരും കരുതി. പക്ഷെ കേന്ദ്ര ശക്തിയും നിയന്ത്രണവും ഇല്ലാതായപ്പോൾ നിരവധി ഗോത്ര വർഗങ്ങൾ ചേരി തിരിഞ്ഞു രക്തരൂക്ഷിത കലഹങ്ങളിലേക്കു വഴുതുകയും ലിബിയയുടെ വമ്പിച്ച എണ്ണ സമ്പത്ത് ആവിയായിപ്പോവുകയും ചെയ്‌തു. രണ്ടു തലസ്ഥാനങ്ങളും അവയിൽ നിന്നു ഭരിക്കുന്ന രണ്ടു പോരാളി സംഘങ്ങളുമായി രാജ്യം കീറി മുറിക്കപ്പെട്ട അവസ്ഥയിലായപ്പോൾ പുനർനിർമാണം തന്നെ ഇല്ലാതായി.
ഹിസ്‌ബൊള്ളയുടെ സാന്നിധ്യം ലെബനന് ആഭ്യന്തര രക്ത ചൊരിച്ചിൽ ഉണ്ടാക്കാം എന്ന സാധ്യത എപ്പോഴും നിലനിൽക്കുന്നു. അതു കൊണ്ടും തീവ്രവാദി ഭീഷണി സദാ നിലനിൽക്കെ ഇസ്രയേൽ വെറുതെ ഇരിക്കില്ല എന്ന സാധ്യത ഉള്ളതു കൊണ്ടും അവിടെ തത്കാലം പ്രതീക്ഷ വേണ്ട.
എന്നും അക്ഷയ ഖനി
പക്ഷെ 35 ലക്ഷത്തോളം മലയാളികൾ ജോലി ചെയ്യുന്ന ഗൾഫ് മേഖല എന്നും നമുക്ക് അക്ഷയ ഖനിയാണ്. ദശലക്ഷക്കണക്കിനു കുടുംബങ്ങളിൽ പ്രധാന വരുമാന മാർഗം തന്നെ ഗൾഫിൽ നിന്നുള്ള വരുമാനമാണ്.
എണ്ണയ്ക്കു വില കുറയുകയും ബദൽ ഊർജ മാർഗങ്ങൾ കൂടുതൽ പ്രസക്തി നേടുകയും ചെയ്ത സമയത്തു ഏതാണ്ട് ഒരു പതിറ്റാണ്ടു മുൻപ് ഗൾഫ് രാജ്യങ്ങൾ മറ്റു വ്യാപാര മാർഗങ്ങൾ തേടി. യു എ എയിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച വ്യാപാര വൈവിധ്യം വളരെ വിജയകരമായി നടപ്പാക്കിയപ്പോൾ എണ്ണ-ഇതര വ്യാപാരം സമ്പദ് വ്യവസ്ഥയ്ക്കു നൽകുന്ന സംഭാവന 77% ആയി ഉയർന്നിട്ടുണ്ട് എന്നാണ് കണക്ക്.
അതേ സമയം, ഗൾഫ് രാജ്യങ്ങളിൽ ഒരിക്കലും വികസന പ്രവർത്തനങ്ങളിൽ മാന്ദ്യം ഉണ്ടായിട്ടില്ല. യു എ ഇക്ക് ടൂറിസം പോലുള്ള രംഗങ്ങളിൽ ഊർജിതമായ വികസനം നടന്നു. ഇത് എടുത്തു പറയുന്നതിനു കാരണം യുദ്ധം കൊണ്ടു ഉണ്ടായിട്ടുള്ള പരുക്കുകൾ കൈകാര്യം ചെയ്യാൻ ശ്രമം ആരംഭിക്കുമ്പോൾ അത് ഈ നിരന്തരമായ വികസന പ്രവർത്തനങ്ങളുടെ തുടർച്ച മാത്രമാവും എന്നതു കൊണ്ടാണ്.
ആ തുടർച്ചയിലും പ്രധാനമായും തൊഴിൽ അവസരങ്ങൾ കിട്ടുന്നതു ഇന്ത്യക്കാർക്കാവും എന്നതാണ് ന്യായമായ പ്രതീക്ഷ. പ്രത്യേകിച്ച് പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ നിന്നെത്തിയവർ നടത്തിയ വിധ്വംസക പ്രവർത്തനങ്ങളോടുള്ള പ്രതികരണമായി ഗൾഫ് രാജ്യങ്ങൾ അവരെ അകറ്റി നിർത്താൻ തുടങ്ങിയതോടെ. അടുത്തിടെ എത്തിഹാദ് എയർവെയ്‌സ് തന്നെ ഒറ്റയടിക്ക് പിരിച്ചു വിട്ടത് 20 പാക്കിസ്ഥാനികളെ ആയിരുന്നു.
ഇറാൻ യുദ്ധം ഗൾഫിന്റെ സമ്പദ് വ്യവസ്ഥയെ എത്രമാത്രം ബാധിച്ചെന്നോ ഇറാന്റെ ആക്രമണം മൂലം എന്തൊക്കെ നാശനഷ്ടങ്ങൾ ഉണ്ടായെന്നോ വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതിന്റെ പേരു പറഞ്ഞു പണം പിരിക്കേണ്ട ആവശ്യമില്ല എന്നതു കൊണ്ടു ഗൾഫ് രാജ്യങ്ങൾ ആ വിഷയം വലുതാക്കുന്നുമില്ല. എന്നാൽ ലോകത്തിനു അറിയാവുന്ന ചില കാര്യങ്ങൾ മറച്ചു വയ്ക്കാൻ കഴിയാതെ നിൽപ്പുണ്ട്.
അതിലൊന്നാണ് ഖത്തറിലെ വാതക നിക്ഷേപങ്ങൾക്കു ഇറാന്റെ അടിയേറ്റത്. ഖത്തർഎനർജിയുടെ ചീഫ് എക്സിക്യൂട്ടീവ് സാദ് അൽ കാബി പറഞ്ഞത് ഇറാന്റെ ആക്രമണത്തിൽ മേഖല 10-20 വർഷം പിന്നിലേക്കു പോയി എന്നാണ്. ഉത്പാദനം നിർത്തി അടച്ചിടേണ്ടി വന്ന ഖത്തറിന്റെ എൽ പി ജി പ്ലാന്റ് വീണ്ടും സജ്ജമാക്കാൻ അഞ്ചു വർഷം വേണ്ടി വരുമത്രേ. അങ്ങിനെയെങ്കിൽ അതൊരു വിപുലമായ പുനർ നിർമാണമാണ്.
അത്തരം സംരംഭങ്ങളിലാണ് കേരളത്തിൽ നിന്നുള്ളവർക്കു തൊഴിൽ സാദ്ധ്യതകൾ തുറന്നു കിട്ടുന്നത്. സൗദി അറേബ്യക്കും കുവൈറ്റിനും ബഹ്‌റൈനും എല്ലാം കൂടി വന്ന നഷ്ടങ്ങൾ ബില്യൺ കണക്കിനു ഡോളർ വരുമെന്നു വിലയിരുത്തിയിട്ടുണ്ട്. അത്രയും പുനർ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.
ഇറാന്റെ മരവിപ്പിച്ച ബില്യണുകൾ എടുത്തു ഗൾഫിനു നൽകാമെന്ന നിർദേശം ട്രംപ് ഭരണകൂടത്തിലെ ചില ഉന്നതർ മുന്നോട്ടു വച്ചിരുന്നു. എന്നാൽ ഇറാന്റെ പുനർ നിർമാണത്തിനു $300 ബില്യൺ നൽകുക എന്ന വ്യവസ്ഥ യുഎസ്-ഇറാൻ കരാറിൽ ഉണ്ടെന്ന റിപ്പോർട്ട് ശരിയാണെങ്കിൽ ആ നിർദേശം നടക്കില്ല. ഗൾഫ് ആവട്ടെ, അത്തരം പണത്തിനു വേണ്ടി വിലപേശാൻ നിൽക്കയുമില്ല.
അടിസ്ഥാന സൗകര്യങ്ങളിൽ വന്ന തകർച്ചകൾ വേഗത്തിൽ പരിഹരിക്കാനാണ് ഗൾഫ് രാജ്യങ്ങളിൽ നീക്കം നടക്കുന്നത്. സാമ്പത്തിക വൈവിധ്യവൽക്കരണവും വേഗത്തിലാണ്. ബദൽ ഊർജവും ലക്ഷ്യമുണ്ട്.
ഈ രംഗങ്ങളിലെല്ലാം പുതിയ തൊഴിൽ സാദ്ധ്യതകൾ തുറക്കുന്നു. കൂടാതെ കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങൾ കൂടി ഗൾഫ് ഉൾക്കൊള്ളും. അപ്പോൾ വൈദഗ്ധ്യം നേടിയ ജീവനക്കാരുടെ സാദ്ധ്യതകൾ വർധിക്കുന്നു. എൻജിനിയറിംഗ്, എ ഐ മേഖലകൾ പുതിയ വാതിലുകൾ തുറക്കും. – Image credit: Wikipedia – പി പി മാത്യു, കൺസ്ൾട്ടിങ് എഡിറ്റർ – nrifocus.com

Leave a Reply