ചിറിയങ്കണ്ടത് ജോസഫ് റോയ് എന്ന ഡോക്ടർ സി ജെ റോയിയുടെ മരണം നിരന്തരം നിഗൂഢതകൾ അനാവരണം ചെയ്യേണ്ട കഥയാവുന്നു. ആത്മഹത്യ എന്നു ഔദ്യോഗിക വൃത്തങ്ങൾ പ്രഖ്യാപിച്ച മരണം സംബന്ധിച്ച വാദങ്ങളൊന്നും സ്ഥാപിക്കപ്പെട്ടിട്ടില്ല. ആരെയോ ഭയക്കുന്ന പോലെ, ഈ വിഷയം കൂടുതൽ വിശദമായി ചർച്ച ചെയ്യാൻ മുഖ്യധാരാ മാധ്യമങ്ങളും മടിച്ചു നിൽപ്പാണ്.
ഷേക്സ്പിയറുടെ ദുരന്തനാടകങ്ങളിലെ നായകന്മാരെ പോലെ, കീഴടക്കാൻ കഴിയാത്ത അതികായൻ ഒടുവിൽ അവരെപ്പോലെ തന്നെ സ്വന്തം പിഴവുകളിൽ ഒടുങ്ങുകയാണോ ഉണ്ടായത് എന്ന ചോദ്യവും ബലപ്പെട്ടു നിൽക്കുമ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ആദായനികുതി റെയ്ഡിനിടയിൽ റോയ് എങ്ങിനെ തോക്കു കൈക്കലാക്കി എന്ന ചോദ്യം പരസ്യമായി ചോദിച്ചത്. റെയ്ഡ് നടത്തിയവർ പാലിക്കേണ്ട ജാഗ്രത പാലിച്ചില്ല എന്നതു കൊണ്ടാണ് ദുരന്തം സംഭവിച്ചതെന്നു അദ്ദേഹം ആദായ നികുതി ചുമതലയുള്ള കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് എഴുതിയ കത്തിൽ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്.
ആത്മഹത്യാ കുറിപ്പെന്ന കെട്ടുകഥ
ബംഗളുരുവിലെ ലാങ്ഫോർഡ് ടൗണിൽ തന്റെ കോൺഫിഡൻറ് ഗ്രൂപ് ആസ്ഥാനത്തു വെള്ളിയാഴ്ച്ച വൈകിട്ടു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ മലയാളി വ്യവസായി താൻ ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതി വച്ച ഒൻപതു പേജുള്ള കുറിപ്പ് കണ്ടെടുത്തു എന്ന റിപ്പോർട്ട് ആത്മഹത്യ സ്ഥാപിക്കാൻ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ അങ്ങിനെയൊരു കുറിപ്പ് കണ്ടിട്ടേയില്ലെന്നു അന്വേഷണം നടത്തുന്ന കർണാടക പോലീസിന്റെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (സിറ്റ്) തിങ്കളാഴ്ച്ച വ്യക്തമാക്കി. ആത്മഹത്യ സ്ഥാപിക്കാൻ പ്രയോഗിച്ച ആ ശ്രമം പാളിയെന്ന നിഗമനം ഉണ്ടാവുമ്പോൾ ആരാണ് ആ കുറിപ്പു കഥയുടെ പിന്നിലെന്ന ചോദ്യം ഉയരുന്നു. അതേ സമയം, പ്രാഥമിക നിഗമനം ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും സിറ്റ് പറയുന്നതായാണ് ബംഗളുരുവിന്റെ സ്വന്തം ‘ഡെക്കാൻ ഹെറാൾഡ്’ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
അതിനു ഒരു ന്യായമായി സിറ്റ് വൃത്തങ്ങൾ പറയുന്നത് റോയ് മരിച്ചു കിടന്ന മുറിയിലേക്ക് ആരെങ്കിലും ബലം പ്രയോഗിച്ചു കടന്നു എന്നതിനു തെളിവില്ല എന്നാണ്. റോയിയുടെ കസേരയ്ക്കടിയിൽ നിന്നു പിസ്റ്റളും തിരയും കണ്ടെടുത്തു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമിത സമമർദമെന്നു സഹോദരൻ
റോയ് തന്നോട് എല്ലാ ദിവസവും എല്ലാ കാര്യങ്ങളും സംസാരിച്ചിരുന്നു എന്നു സഹോദരൻ ബാബു പറയുന്നുണ്ട്. ബിസിനസിൽ യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല എന്നും ആദായ നികുതി വകുപ്പിൽ നിന്നുള്ള അമിത സമ്മർദമാണ് ഈ അറ്റകൈ പ്രയോഗത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നും ബാബു പറഞ്ഞു.
“വെള്ളിയാഴ്ച രാവിലെ സംസാരിക്കുമ്പോൾ അദ്ദേഹം തികച്ചും നോർമൽ ആയിരുന്നു,” ബാബു പറഞ്ഞു.
റോയ് ബംഗളുരുവിൽ ബിസിനസ് സന്ദർശനത്തിനാണ് എത്തിയതെന്നും അതല്ല ആദായ നികുതി വകുപ്പ് വിളിച്ചു വരുത്തിയതാണ് എന്നും രണ്ടു തരത്തിൽ റിപ്പോർട്ടുകളുണ്ട്. ഏതാണ് ശരിയെന്നു ബാബു വിശദീകരിച്ചിട്ടില്ല. ചൊവാഴ്ച്ച കൊച്ചിയിൽ നടത്താനിരുന്ന പത്ര സമ്മേളനം കുടുംബം റദ്ദാക്കിയിട്ടുമുണ്ട്.
രാഷ്ട്രീയ മാനങ്ങൾ
രാഷ്ട്രീയ മാനങ്ങൾ അനിവാര്യമാകുന്ന മരണം കൂടിയാണിത്. റെയ്ഡ് നടത്തിയിരുന്നു എന്ന റിപ്പോർട്ട് ആദായ നികുതി വകുപ്പ് നിഷേധിക്കുന്നു. റോയിയെ ചോദ്യം ചെയ്തിട്ടില്ല എന്നും അവർ പറയുന്നു. ആദായ നികുതിക്കാർക്കൊപ്പം എൻഫോഴ്സ്മെന്റ് ഡിപ്പാർട്മെന്റ് (ഇ ഡി) ഉണ്ടായിരുന്നില്ല എന്ന ഔദ്യോഗിക അറിയിപ്പും ഉണ്ടായിട്ടുണ്ട്.
കോൺഗ്രസ് പാർട്ടി ഭരിക്കുന്ന സംസ്ഥാനമാണ് കർണാടക എന്നോർക്കണം. കേന്ദ്ര ഏജൻസികൾ ഈ മരണത്തിലേക്കു നയിക്കുന്ന വിധം സമ്മർദം ചെലുത്തി എന്ന നിഗമനം സംസ്ഥാന പോലീസ് അന്വേഷണത്തിൽ ഉണ്ടാവുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്.
കർണാടക പോലീസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നു പറഞ്ഞ ബാബു, പക്ഷെ, മരണത്തെ കുറിച്ചുള്ള ആശങ്കകൾ പോലീസിനെ അറിയിച്ചതായും പറയുന്നു.
ആത്മഹത്യ എന്ന നിഗമനത്തിൽ
റോയിയുടെ മരണത്തെ കുറിച്ച് സംശയങ്ങൾ കെട്ടടങ്ങുന്നില്ല എന്നിരിക്കെ ആത്മഹത്യാ വാദത്തിൽ തന്നെ ഉറച്ചു നിന്നാണ് മാധ്യമങ്ങൾ മുന്നോട്ടു പോകുന്നത്. യു എ ഇയിൽ ജയിൽ വാസം കാത്തിരിക്കുന്നതു കൊണ്ടു ജീവനൊടുക്കി എന്ന കഥ വരെ അതു ന്യായീകരിക്കാൻ പുറത്തു വിടുന്നുണ്ട്. ആദ്യമൊരു ഭാര്യ ഉണ്ടായിരുന്നു, ക്രിസ്റ്റൽ നമ്പൂതിരി എന്നൊരാളെ പറ്റിച്ചാണ് സമ്പത്തു നേടിയത് തുടങ്ങി ഒട്ടേറെ കഥകൾ വേറെയും.
ഭാര്യയും മക്കളും ദുബൈയിൽ ആയിരുന്ന സമയത്താണ് റോയിയുടെ മരണം സംഭവിച്ചത്. അവരിൽ നിന്നു പോലും മറച്ചുവച്ച മാനസിക സമ്മർദം അദ്ദേഹത്തിന് ഉണ്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. എങ്കിൽ അതെന്തായിരുന്നു എന്ന ചോദ്യമാണ് അപ്പോൾ ഉണ്ടാവുക. 8,400 കോടി രൂപ ആസ്തിയുള്ള ബിസിനസുകാരനു കടബാധ്യതകൾ ഉണ്ടായിക്കൂടാ എന്നില്ല. വയനാട്ടിൽ കൊട്ടാരം കെട്ടിയ അറയ്ക്കൽ ജോയ് ദുബൈയിൽ ബഹുനില കെട്ടിടത്തിൽ നിന്നു ചാടി മരിച്ചത് കടം കയറിയാണെന്നായിരുന്നു നിഗമനം. അത്തരം സംഭവങ്ങൾ തീർത്തും അപൂർവമല്ല.
എന്നാൽ റോയിക്ക് കടബാധ്യതകളോ മറ്റ് സാമ്പത്തിക പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല എന്ന് സഹോദരൻ ബാബു തറപ്പിച്ചു പറയുന്നുണ്ട്. ബിസിനസിൽ തന്നെ ബാധ്യതകൾ ഉണ്ടാക്കാതെ മുന്നോട്ടു പോയിരുന്ന ചുരുക്കം ചില വ്യക്തികളിൽ ഒരാളെന്ന കീർത്തിയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കോർപറേറ്റ് സ്ഥാപനത്തിന്റെ തലപ്പത്തു ചീത്തപ്പേരുണ്ടാക്കാതെ നിലനിന്നിരുന്ന ചുരുക്കം ഇന്ത്യൻ ബിസിനസ്സുകാരിൽ ഒരാൾ ആയിരുന്നു റോയ്.
അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ റോയ് പറഞ്ഞത് താൻ പറന്നുകൊണ്ടിരിക്കുന്ന വിമാനം അപകടത്തിൽ പെടുന്നു എന്നറിഞ്ഞാൽ തനിക്കൊരു കുലുക്കവും ഉണ്ടാവില്ല എന്നായിരുന്നു. ജീവിതത്തിൽ അത്രയേറെ സംതൃപ്തി നിറഞ്ഞിരുന്നു: നിറഞ്ഞൊഴുകുന്ന ആർഭാടം, സുരക്ഷിതമായ ബിസിനസ്, സൽകീർത്തി. – പി പി മാത്യു, കൺസ്ൾട്ടിങ് എഡിറ്റർ – nrifocus.com

Leave a Reply