നടിയെ ആക്രമിച്ച കേസ് തുടർഭാഗങ്ങളുള്ള സിനിമ പോലെ നിറഞ്ഞ സദസുകളിൽ ഓടിക്കൊണ്ടിരിക്കയാണ്. നടൻ ദിലീപിനെ വിട്ടയച്ചതിനെതിരെയും ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾക്കു നൽകിയ ശിക്ഷ അപര്യാപ്തമാണ് എന്നു വാദിച്ചും അപ്പീൽ പോകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതങ്ങിനെ നീണ്ടു നീണ്ടു പോകുമ്പോൾ കോടതിയിൽ തീർച്ചയായും തീ പാറും. എന്നാൽ അതേക്കാൾ ആവേശത്തോടെ ജനങ്ങൾ കാത്തിരിക്കുന്നതു ദിലീപ് മുൻ ഭാര്യ മഞ്ജു വാര്യർക്കെതിരെ പ്രഖ്യാപിച്ചിട്ടുള്ള കേസാണ്.
നടി ആക്രമിക്കപ്പെട്ടതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു മഞ്ജു പറഞ്ഞതിനെ തുടർന്നാണ് ദിലീപിനെതിരെ അന്വേഷണവും നടപടികളും ആരംഭിച്ചതെന്നത് ചരിത്രം. എന്നാൽ മഞ്ജു ആരോപിച്ച ഗൂഢാലോചന കുറ്റം ദിലീപിനെതിരെ തെളിഞ്ഞിട്ടില്ല എന്നു കോടതി അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചു. ആ വിജയാഹ്‌ളാദ നിമിഷത്തിൽ, തന്നെ വലിച്ചിടാൻ മഞ്ജുവും മറ്റു ചിലരും കൂടി ഗൂഢാലോചന നടത്തി എന്ന അർഥത്തിലാണ് ദിലീപ് സംസാരിച്ചത്.
ഏഴു വർഷം നീണ്ട കേസിൽ ഏതാണ്ട് 90 ഹർജികൾ നൽകുകയും 90 ദിവസത്തോളം ജയിലിൽ കിടക്കുകയും ചെയ്ത ദിലീപിന്റെ ഉള്ളിൽ കത്തുന്ന പക പെട്ടെന്ന് അണയുന്നതല്ല. മഞ്ജുവിനെതിരെ അദ്ദേഹം ഗൂഢാലോചന ആരോപിച്ചൊരു കേസ് കൊടുത്താൽ ഏതാനും വർഷങ്ങൾ തുടരുന്ന മറ്റൊരു ബ്ലോക്ക്ബസ്റ്റർ ചിത്രം കൂടി കാണാനാവും.
ദിലീപ് കുറ്റക്കാരനാണ് എന്നുറച്ചു വിശ്വസിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഇപ്പോഴുമുണ്ട്. ചിലപ്പോൾ ചില കേസുകളിൽ കോടതിയെ വിശ്വസിക്കാൻ ജനം മടിക്കും. പക്ഷെ കോടതിക്കു തെളിവില്ലാതെ ശിക്ഷിക്കാൻ എങ്ങിനെ കഴിയും എന്ന ചോദ്യത്തിനു ബലവുമുണ്ട്. 1,700 പേജോളം വരുന്ന വിധിന്യായത്തിന്റെ വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ദിലീപിനെ ശിക്ഷിച്ചേ അടങ്ങൂ എന്ന് നിർബന്ധമുള്ളവർക്കു നിരാശ സമ്മാനിക്കുന്നതാണ് ആ വിവരങ്ങൾ.
വളരെ ലളിതമായി പറഞ്ഞാൽ, പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച തെളിവുകൾ ഒന്നും തന്നെ പ്രതിയെ ശിക്ഷിക്കാൻ വക നൽകുന്നില്ല എന്നാണ് ജഡ്‌ജ് ഹണി വർഗീസ് പറഞ്ഞു വച്ചിട്ടുള്ളത്. അന്വേഷണ ഉദ്യോഗസ്ഥൻ ഡി വൈ എസ് പി: ബൈജു പൗലോസ് പറഞ്ഞ പല കാര്യങ്ങളും നുണയാണെന്നും പറയാൻ അവർ മടിച്ചില്ല.
ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നു എന്നതാണ് പ്രോസിക്യൂഷൻ കേസിൽ മോട്ടീവ് ആയി അവതരിപ്പിച്ചത്. അതു തെളിയിക്കാൻ കൊണ്ടുവന്ന വാദങ്ങൾ കോടതി തള്ളി. ലണ്ടനിൽ പരിപാടി അവതരിപ്പിക്കാൻ പോയപ്പോൾ ദിലീപ് തന്നോട് മിണ്ടിയില്ലെന്നും ഭീഷണിപ്പെടുത്തി എന്നും നടി പറഞ്ഞത് വിശ്വസനീയമല്ല എന്നു കോടതി ചൂണ്ടിക്കാട്ടി.
നടിയെ തട്ടിക്കൊണ്ടു പോവുകയും ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു എന്ന വാദം കോടതി മുഖവിലയ്ക്കു തന്നെ എടുത്തത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എന്നാൽ ഇതു പോലൊരു കുറ്റകൃത്യത്തിനു അർഹിക്കുന്ന വിധം ഗൗരവമുള്ള ശിക്ഷ നൽകിയില്ല എന്ന ആക്ഷേപം അപ്പീലിൽ കൂടുതൽ ശ്രദ്ധിക്കപ്പെടും എന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. അതേച്ചൊല്ലി ജനരോഷം ആളിക്കത്തുന്നു എന്ന തോന്നലുമുണ്ട്.
ആ കുറ്റകൃത്യം നടന്നു എന്നത് എന്തായാലും അംഗീകരിക്കപ്പെട്ടു. എങ്കിൽ ഈ കുറ്റവാളികൾക്കു അതിനു കൊട്ടേഷൻ നൽകിയത് ആരെന്ന ചോദ്യത്തിനു പ്രസക്തിയേറുന്നു. ദിലീപ് കോടതിയിൽ പോയാൽ കണ്ടെത്താൻ ശ്രമിക്കുന്നതും അതു തന്നെയാവും. എന്നാൽ ആ പോരാട്ടത്തിൽ മസാല പുരളുന്നത് മഞ്ജുവുമായുള്ള ഏറ്റുമുട്ടലിൽ ആയിരിക്കും. തീ പാറുന്ന രംഗങ്ങൾ കോടതിയിൽ പ്രതീക്ഷിക്കാം. പരസ്പരം ചെളി വാരി എറിയുകയും ഒരു പക്ഷെ കാവ്യാ മാധവനെ കൂടി വലിച്ചിഴയ്ക്കുകയും ചെയ്യാവുന്ന കേസായി മാറാം അത്.
മലയാള സിനിമയിലെ പല പ്രമുഖരും കോടതിയിൽ എത്തുകയും ചെയ്യും. മഞ്ജുവിനു ദിലീപിനെ പെടുത്താൻ ന്യായം ഉണ്ടായതു പോലെ, ദിലീപിനെ ഈ കേസിൽ ബന്ധപ്പെടുത്തി അദ്ദേഹത്തിന്റെ സിനിമയിലെ പ്രാമുഖ്യം അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്ന പലരുമുണ്ടായിരുന്നു എന്നതും രഹസ്യമല്ല.
മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും അധികം പ്രതിഫലം വാങ്ങിയ സമയത്താണ് ദിലീപ് ഈ കേസിൽ പെടുന്നത് എന്നോർക്കണം. മലയാള സിനിമ കൈപ്പിടിയിൽ ഒതുക്കാൻ കഴിയുന്ന പ്രഭാവം അന്ന് അദ്ദേഹത്തിനുണ്ടായിരുന്നു.
അതിനൊരു കാരണം ദിലീപിന്റെ ചിത്രങ്ങൾ ബോക്സ് ഓഫിസിൽ തളരുക പതിവില്ലായിരുന്നു എന്നതാണ്. മറ്റെല്ലാ നടന്മാരുടെയും പടങ്ങൾ പൊട്ടിയിട്ടുണ്ട്. അതാണ് സിനിമ. പക്ഷെ ദിലീപിന് പരാജയം അപൂർവമായിരുന്നു. മമ്മുട്ടിയും മോഹൻലാലും കഴിഞ്ഞാൽ മുകളിൽ എത്താൻ ആഗ്രഹിച്ചു നടന്ന ചിലർക്ക് അതൊരു വെല്ലുവിളിയായി.
ദിലീപ് ആരോപിക്കുന്ന ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അതിൽ ചിലർ പരോക്ഷമായെങ്കിലും പങ്കാളികളായിട്ടുണ്ടാവും. അവരെയൊക്കെ കോടതിയിൽ എത്തിക്കാൻ ദിലീപ് നീക്കം നടത്തിയേക്കും.
പ്രോസിക്യൂഷന്റെ വാദങ്ങൾ നുള്ളിപ്പൊളിച്ചു കളഞ്ഞ രാമൻ പിള്ള വക്കീൽ ഇനി എന്തൊക്കെ വാദങ്ങളാണ് കൊണ്ടുവരിക എന്നത് ഏറെ കൗതുകം ഉണർത്തും. വെറും വിഴുപ്പലക്കൽ എന്ന നിലവാരത്തിൽ നിന്നുയർന്നു നിയമത്തിന്റെ തലനാരിഴ കീറുന്ന പോരാട്ടമാവും കാണാൻ പോകുന്നത്. – പി പി മാത്യു, കൺസ്ൾട്ടിങ് എഡിറ്റർ – nrifocus.com

Leave a Reply