ഇറാനെതിരായ യുദ്ധം ഏറെ അപകടകരമായ ഘട്ടത്തിലേക്കു പ്രവേശിച്ചു എന്നു യുദ്ധം നയിക്കുന്ന അമേരിക്കയുടെ പ്രമുഖ മാധ്യമങ്ങൾ ചൊവാഴ്ച്ച വിലയിരുത്തിയപ്പോൾ ഹൃദയമിടിപ്പ് ഉയർന്നത് അറേബ്യൻ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തു ജീവിക്കുന്ന 9 മില്യനോളം വരുന്ന പ്രവാസികളുടെ കുടുംബങ്ങളിലാണ്. എത്രയും വേഗം ഈ യുദ്ധം അവസാനിക്കണേ എന്ന പ്രാർഥന ഉയരുന്ന കുടുംബങ്ങളിൽ ആയിരിക്കും യുദ്ധം നീണ്ടു നീണ്ടു പോവുകയാണെങ്കിൽ അതിന്റെ അർഹിക്കാത്ത ദുരിതം ഏറ്റവുമധികം വന്നു ചേരുക. പ്രവാസി സമൂഹത്തിനു ആവേശമൊന്നും ഇല്ലാതിരുന്ന ഈ യുദ്ധത്തിൽ അവർക്കു നഷ്ടമല്ലാതെ നേട്ടമൊന്നും ഉണ്ടാവാനില്ല എന്നതാണ് ദുഃഖസത്യം.
യുഎസും ഇസ്രയേലും ആക്രമണം കടുപ്പിക്കുമ്പോൾ ഇറാൻ തിരിച്ചടി തുടരുന്നത് ഗൾഫിലും യുഎസ് സൈനിക താവളമുള്ള മറ്റു മേഖലകളിലും ശക്തമായ ആക്രമണം നടത്തിയാണ്. യുഎസ് താവളങ്ങളിൽ തുടങ്ങിയ ആക്രമണം പിന്നീട് യുഎസ് എംബസികൾ, കോൺസലിറ്റുകൾ എന്നിവയെ ലക്‌ഷ്യം വച്ചും സിവിലിയൻ മേഖലകളെ പോലും ഒഴിവാക്കാതെയുമാണ് നീങ്ങുന്നത്. ജീവനാശം എന്നതു മാത്രമല്ല ഇവിടെ ഉയരുന്ന ഭീതി, സാമ്പത്തിക പ്രതിസന്ധി മൂലം ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ കൂടിയാണ്.
രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ബുധനാഴ്ച്ച യു എ ഇ വിപണികൾ തുറന്നപ്പോൾ കണ്ട തകർച്ച ആശങ്ക ഉയർത്തുന്നതാണ്. കോവിഡ് മഹാമാരി നൽകിയ പ്രഹരത്തിനു ശേഷം ഉയിർത്തെണീറ്റു വൈകാതെ മറ്റൊരു വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നാൽ ഗൾഫ് രാജ്യങ്ങൾക്കു കടുത്ത നടപടികളിലേക്കു നീങ്ങേണ്ടി വരാം. തൊഴിൽ നഷ്ടം ഉൾപ്പടെയുളള ഗുരുതരമായ അവസ്ഥകളുടെ സാധ്യതയാണ് അത് ഉയർത്തുന്നത്.
സൗദിയിൽ അരാംകൊ റിഫൈനറി ഭാഗികമായി അടച്ചിടുകയും ഖത്തറിൽ എൽ പി ജി ഉത്പാദനം ഫലത്തിൽ നിർത്തിവയ്ക്കുകയും ചെയ്തതു കൊണ്ടുണ്ടായ പ്രത്യാഘാതങ്ങൾ അവരുടെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നതാണല്ലോ. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ എണ്ണ നീക്കത്തിനു തടസം ഉണ്ടായതു മറ്റൊരു വലിയ പ്രശ്നമാണ്. കടലിടുക്കിന്റെ ഇരു വശത്തുമായി ഏതാണ്ട് 700 കപ്പലുകൾ കാത്തു കിടക്കുന്നു എന്നാണ് റിപ്പോർട്ട്.
കുവൈറ്റിൽ ഇറാഖിന്റെ ആക്രമണം ഉണ്ടായ കാലത്തു ഗൾഫിൽ നിന്നു പ്രവാസികൾ കൂട്ടമായി നാട്ടിലേക്കു മടങ്ങേണ്ടി വന്നത് നെഞ്ചിടിപ്പിക്കുന്ന ഓർമയാണ്. അത്തരം സാഹചര്യങ്ങളിലേക്കു എത്താതിരിക്കണമെങ്കിൽ യുദ്ധം വേഗത്തിൽ അവസാനിച്ചേ കഴിയൂ.
ഇപ്പോൾ പ്രസക്തമായ ചോദ്യം അതു തന്നെ: ഇനി എത്ര നാൾ?
ആ ചോദ്യത്തിനു വ്യക്തമായൊരു ഉത്തരം നൽകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനോ ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോ കഴിഞ്ഞിട്ടില്ല. നാലോ അഞ്ചോ ആഴ്ച്ച നീളാം എന്നു പറഞ്ഞ ട്രംപിനു മേൽ യുഎസ് കോൺഗ്രസിലും പുറത്തും സമ്മർദം ശക്തമാണ്. അമേരിക്ക ആഗ്രഹിക്കാത്ത യുദ്ധമാണിതെന്നു ജനാഭിപ്രായ സർവേകൾ വെളിപ്പെടുത്തിയിട്ടുണ്ട്. യുദ്ധം രണ്ടാം ദിവസമായപ്പോൾ തന്നെ ആറു യുഎസ് സൈനികർ കൊല്ലപ്പെട്ടത് രാജ്യത്തിനു മാനക്കേടായിട്ടുമുണ്ട്. ചൊവാഴ്ച്ച ജർമൻ ചാൻസലറെ സ്വീകരിക്കുമ്പോൾ ട്രംപ് തന്റെ വാക്കുകൾക്കു നിയന്ത്രണം പാലിച്ചത് ആ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മേൽ ഉണ്ടായിട്ടുള്ള സമ്മർദത്തിന്റെ സൂചനയായി കാണുന്നവരുണ്ട്.
നെതന്യാഹുവിനു അത്തരം പ്രശ്നങ്ങളൊന്നും പ്രകടമല്ല. ഇറാന്റെ കരുത്തിൽ ഭയന്ന് ഉറക്കം നഷ്ടപ്പെട്ട രാജ്യത്തിന് ആ ഭീഷണി ഇനി ഉയരാത്ത വിധം പരമാവധി നശീകരണം നടത്തുക എന്ന ലക്‌ഷ്യം ആവേശം പകരുന്നു. അതിനു അമേരിക്ക കൂട്ടുള്ള കാലത്തോളം അവർക്കു ആശങ്കയുമില്ല. തീവ്ര നിലപാടുകളുളള പുരോഹിത ഭരണത്തിന്റെ അവശിഷ്ടങ്ങൾ പോലും ഉണ്ടാവാൻ പാടില്ലെന്നും സൗഹൃദം കാത്തു സൂക്ഷിക്കുന്ന പുതിയൊരു ഭരണം വരണമെന്നും ഇസ്രയേൽ ആഗ്രഹിക്കുന്നത് സ്വാഭാവികം. നവംബറിൽ വീണ്ടും തിരഞ്ഞെടുപ്പ് നേരിടുന്ന നെതന്യാഹുവിനു അത് ഉറപ്പാക്കേണ്ടത് അനിവാര്യവുമാണ്. ഇറാൻ ആയത്തൊള്ള അലി ഖമേനായിക്കു പകരം മറ്റൊരു നേതാവിനെ നിയമിച്ചാൽ അയാളെയും ഉടൻ വധിക്കുക എന്നതാണ് ലക്ഷ്യമെന്നു ഇസ്രയേൽ പ്രഖ്യാപിച്ചിട്ടുമുണ്ട്.
അപ്പോൾ, യുഎസ് യുദ്ധം നിർത്തിയില്ലെങ്കിൽ പിന്നെ ഏക സാധ്യത ഇറാൻ നിർത്തണം എന്നതാണ്. അത് എളുപ്പമല്ല. സൈനികമായി ഇറാൻ ശോഷിച്ചു എന്നാണ് യുഎസ്, ഇസ്രയേലി സൈനിക നേതൃത്വങ്ങളുടെ വിലയിരുത്തൽ. പക്ഷെ ആർക്കും മുന്നിൽ കീഴടങ്ങിയ ചരിത്രം പേർഷ്യൻ വംശജർക്കില്ല എന്നതും ഓർമിക്കണം. ഖമേയാനിക്കു തന്നെ ഒളിച്ചു കഴിയാൻ ഇറാനിൽ മാത്രമല്ല, ഏതു ഷിയാ രാജ്യത്തും അവസരം ലഭിക്കുമായിരുന്നു. അദ്ദേഹം രക്തസാക്ഷിത്വം ഏറ്റു വാങ്ങിയത് ആ വംശത്തിന്റെ പാരമ്പര്യം നിലനിർത്തിയാണ്. നിലപാടുകളിൽ വിട്ടുവീഴ്ച്ച ചെയ്യാനുളള ഒരു സാധ്യതയും ഇറാന്റെ ഭാഗത്തു നിന്ന് സൂചിപ്പിച്ചിട്ടില്ല.
യുദ്ധം അഞ്ചാം ദിവസം പിന്നിട്ടപ്പോഴും അവർ ആക്രമണങ്ങൾ തുടർന്നു. സൈനിക ശക്തി ദുർബലമായി എന്ന വിലയിരുത്തൽ പാശ്ചാത്യ താത്പര്യങ്ങളുടെ പ്രതിഫലനം മാത്രമാണോ എന്ന ചോദ്യം അപ്പോൾ പ്രസക്തമാണ്. എന്നാൽ യുഎസും ഇസ്രയേലും നൽകുന്ന വിലയിരുത്തൽ കൃത്യമാണെന്നു പ്രത്യാശിക്കാം. അങ്ങിനെയെങ്കിൽ ഇറാന്റെ ആക്രമണശേഷി ചോർന്നു തുടങ്ങുന്നു എന്നു വേണം കരുതാൻ.
ഒരാഴ്ചയോളം യുദ്ധം തുടർന്നാൽ തന്നെ അത് ഗൾഫിലെ പ്രവാസികൾക്കു പിടിച്ചു നിൽക്കാൻ കഴിയാത്ത പ്രതിസന്ധിയിലേക്കു വഴുതിപ്പോവുന്ന സാഹചര്യം സൃഷ്ടിക്കാം. ഗൾഫിൽ കഠിനാധ്വാനം ചെയ്തു നേടിയതൊന്നും ഈ യുദ്ധത്തിന്റെ പേരിൽ പരിത്യജിക്കാൻ കഴിയുന്നതല്ല. എന്നാൽ ആ ഭീഷണി യഥാർഥമാണ് എന്നതാണ് ദുഃഖ സത്യം.
ആ മാനുഷിക വശത്തിനപ്പുറം, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കും തിരിച്ചടിയാവുന്ന സ്ഥിതിവിശേഷം ഉരുത്തിരിഞ്ഞു വരാം. കാരണം, പ്രവാസികൾ അയക്കുന്ന പണം ആ പുരോഗതിയിൽ നിർണായക ഘടകമാണ്. യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ അനുഭവിച്ചു തുടങ്ങുന്ന അവസ്ഥ ഉണ്ടായാൽ ഗൾഫിൽ നിന്നു പ്രവാസികൾക്കു മടങ്ങാൻ സൗകര്യം ചെയ്‌തു കൊടുക്കുക എന്നത് ഇന്ത്യയുടെ ഭാരിച്ച ചുമതലയുമാവും.
ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രവാസികൾക്ക് ഉറപ്പുകൾ നൽകുന്നുണ്ട്. ഒന്നും ഭയപ്പെടേണ്ട എന്ന ഉറപ്പുകൾ ഗൾഫ് രാജ്യങ്ങളിലെ അധികൃതരിൽ നിന്നു കേൾക്കുന്നുമുണ്ട്. യുഎസ്-ഇസ്രയേലി ആക്രമണങ്ങൾ ലക്‌ഷ്യം കണ്ടാൽ ഇറാന് ഗൾഫിനെ വിറപ്പിക്കാൻ കഴിയുന്ന കരുത്തു നഷ്ടമാവും. അതുണ്ടാവും എന്നു തന്നെയാണ് ഈ ഉറപ്പുകളുടെ പിന്നിലുള്ള വിശ്വാസവും.
അധികൃതർ തറപ്പിച്ചു പറയുന്ന കാര്യം, ഏതു പ്രതിസന്ധിയിലും എന്ന പോലെ ഇപ്പോഴും കേട്ടുകേഴ്വിക്കു ചെവി കൊടുക്കാതിരിക്കുക എന്നതാണ്. ഔദ്യോഗിക ഭാഷ്യം അവശ്യം ലഭ്യമാണ്. അതിൽ വിശ്വസിക്കുക. – പി പി മാത്യു, കൺസ്ൾട്ടിങ് എഡിറ്റർ – nrifocus.com

Leave a Reply