അറേബ്യൻ ഗൾഫിൽ വ്യാപിച്ചു നിൽക്കുന്ന സംഘർഷം കേരളത്തിലെ ആയിരക്കണക്കിനു പ്രവാസി കുടുംബങ്ങളിൽ ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയിട്ടും മലയാള മാധ്യമങ്ങൾ അതറിഞ്ഞില്ല എന്നു ഭാവിക്കുന്നത് ഇറാൻ യുദ്ധത്തിന്റെ പൊടിപടലങ്ങൾ ഒന്നടങ്ങിയതോടെ എല്ലാം ശാന്തമായി എന്ന മിഥ്യാധാരണ കേരളത്തിലും നിലനിൽക്കുന്നു എന്ന സൂചനയാണ് നൽകുന്നതെന്നു തോന്നുന്നു. എന്നാൽ ആർക്കും മൂടിവയ്ക്കാൻ കഴിയാത്ത ഗൗരവം യുദ്ധം ഒതുങ്ങി നിൽക്കുന്ന സാഹചര്യത്തിലും ഗൾഫിൽ ഉരുണ്ടു കൂടി നിൽക്കുന്ന പ്രതിസന്ധിയിലുണ്ട്.
ലക്ഷക്കണക്കിനു മലയാളികൾ ജോലി ചെയ്യുന്ന ഗൾഫ് രാജ്യങ്ങളിൽ അവരുടെ ജീവിതം സുഗമമായി മുന്നോട്ടു പോകുന്നു എന്ന നിഗമനത്തിനു അടിസ്ഥാനം എന്തായാലും, വാസ്തവം എല്ലായിടത്തും അതല്ല എന്നത് സുഖകരമായ ചിന്തയല്ല. എന്നാൽ അസുഖകരമായ യാഥാർഥ്യങ്ങളെ നമുക്ക് എളുപ്പത്തിൽ വെള്ളപൂശാൻ കഴിയുമോ.
സൗദി അറേബ്യ, ബഹ്റൈൻ, കുവൈറ്റ്, യു എ ഇ, എന്നിങ്ങനെ അമേരിക്കൻ സൈനിക താവളങ്ങൾ ഉള്ള രാജ്യങ്ങളൊക്കെ ഇറാനിൽ നിന്നുള്ള ആക്രമണത്തിന്റെ നിരന്തരമായ ഭീഷണിയിലാണ്. നേരിട്ടു നടത്തുന്ന ആക്രമണത്തിനപ്പുറം കടന്നു പ്രോക്സികളെ ഉപയോഗിച്ചുള്ള ആക്രമണവും ഇറാൻ പതിവാക്കി.
സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന യെമെനിൽ സുന്നി മുസ്ലിം ഭരണകൂടത്തെ അട്ടിമറിക്കാൻ ഇറാൻ പരിശീലിപ്പിച്ച ഷിയാ പോരാളികളുടെ സംഘമായ ഹൂത്തികൾ ശക്തമായ മുന്നേറ്റം നടത്തിയതോടെ സൗദി രാജാവ് സൈന്യാധിപനെ നീക്കം ചെയ്തത് യുദ്ധത്തിന്റെ പോക്ക് എങ്ങോട്ടാണെന്നു സൂചന നൽകുന്നു. സൗദിയുടെ എണ്ണപ്പാടങ്ങളും സംഭരണ കേന്ദ്രങ്ങളും നഗരങ്ങളും ഹൂത്തികൾ ആക്രമിക്കുന്നുണ്ട്. ഇന്ത്യക്കാരായ പ്രവാസികൾക്കു റിയാദിലെ ഇന്ത്യൻ എംബസി നൽകിയ ഉപദേശം കഴിയുന്നത്ര പുറത്തിറങ്ങേണ്ട എന്നാണ്.
സാധാരണ ജീവിതത്തെ ബാധിക്കുന്ന സ്ഥിതിവിശേഷം സൗദിയിൽ നിലനിൽക്കുന്നു എന്ന സൂചന അതിലുണ്ട്. വീട് വിട്ടു പുറത്തിറങ്ങുന്നത് കരുതലോടെ വേണം എന്നതിനപ്പുറം പോകുന്ന താക്കീതാണത്. ഗൾഫ് രാജ്യങ്ങൾ പ്രതിസന്ധികളെ കുറിച്ച് ഉറക്കെ സംസാരിക്കാറില്ല എന്നതു കൊണ്ട് സൗദി നേരിടുന്ന പ്രതിസന്ധി ആനക്കാര്യമൊന്നും അല്ല എന്നാണ് നമ്മുടെ മാധ്യമങ്ങൾ ധരിച്ചിട്ടുള്ളതെന്നു തോന്നുന്നു.
ഗൾഫിൽ ജോലി ചെയ്യുന്നവരെ ആശ്രയിച്ചും അങ്ങിനെ കൈവരുന്ന സൗഭാഗ്യങ്ങൾ ആസ്വദിച്ചും ജീവിക്കുന്ന ആയിരക്കണക്കിനു മലയാളി കുടുംബങ്ങളിൽ ആശങ്ക നീറി നിൽക്കുന്ന അവസ്ഥയാണിത്. അപകട സാധ്യതകളെ കുറിച്ച് താക്കീതു നൽകുമ്പോഴൊക്ക അതത്ര ഗൗരവമായി എടുക്കേണ്ട എന്നൊരു ചിന്താഗതിയോടെ തത്കാലം നമുക്കുറങ്ങാം എന്നു കരുതി ആശ്വസിക്കാറുള്ള ശരാശരി മലയാളി പക്ഷെ ഇക്കുറി അപകട സൂചന ഉൾക്കൊള്ളുക തന്നെ വേണം.
ഗൾഫിൽ സൗദിയിൽ മാത്രമല്ല പ്രശ്നമുള്ളത് എന്നതും വാസ്തവമാണ്. യെമെൻറെ മൂന്നിലൊന്നു കൈയടക്കാൻ കഴിഞ്ഞിട്ടുള്ള ഹൂത്തികളുടെ മുന്നേറ്റം തടയാൻ കഴിയാത്തതു കൊണ്ടാണ് സൗദി സേനാധിപൻ പുറത്തായത് എന്നു പറയുമ്പോൾ കേവലം ഗോത്രവർഗമെന്നു പുച്ഛിച്ചു തള്ളിയിരുന്ന യെമെനികൾ ആധുനിക യുദ്ധമുറകൾ വരെ ശീലിച്ചു കഴിഞ്ഞു എന്നു മനസിലാക്കണം. അതിനു കാരണം ലളിതമാണ്: മേഖലയിൽ ഷിയാ മേധാവിത്വം ആഗ്രഹിക്കുന്ന ഇറാനാണ് അവരെ പരിശീലിപ്പിക്കുന്നത്.
ആ ഇറാൻ തന്നെയാണ് കേരളത്തിലെ പ്രവാസി കുടുംബങ്ങളിലും നിഴൽ പരത്തുന്ന ആശങ്കകൾക്കു മറ്റു ഗൾഫ് രാജ്യങ്ങളിലും കാരണമാവുന്നത്.
ബഹ്റൈൻ എടുക്കാം. ഷിയാ ഭൂരിപക്ഷമുള്ള കൊച്ചു രാജ്യത്തു ഭരണം സുന്നികളുടെ കൈയിലാണ്. ഏതാനും വർഷം മുൻപ് ഷിയാ കലാപം ഉണ്ടായപ്പോൾ ബഹ്റൈനിലേക്കു സൗദി സേന ഇരച്ചു കയറി അത് അമർച്ച ചെയ്തു. ആ അസ്വസ്ഥതയുടെ പുക അടങ്ങാത്ത രാജ്യത്തു ഇറാൻ നിരന്തരം ആക്രമണം നടത്തുന്നു എന്നത് അവിടെ 65% എങ്കിലും വരുന്ന മലയാളികളുടെ വീടുകളിൽ ആശങ്ക ഉയർത്തുന്നു.
ഇറാൻ ആക്രമിക്കുന്നത് പക്ഷെ ഷിയാ-സുന്നി വിഷയം കൊണ്ടല്ല എന്നത് മറ്റൊരു വിഷയം. അമേരിക്ക ഇറാനെതിരെ ഇനി ആക്രമണം നടത്തില്ലെന്ന് ഉറപ്പു വരുത്താൻ യുഎസ് ഫിഫ്ത് ഫ്ലീറ്റിന്റെ ആസ്ഥാനമായ ബഹ്റൈനിൽ ആ സൈനിക താവളം തകർക്കുക എന്നതാണ് ഇറാന്റെ ലക്ഷ്യം. അതേ കാരണം തന്നെയാണ് കുവൈറ്റിൽ നടത്തിയ ആക്രമണത്തിനു പിന്നിലുള്ളതും.
ഇറാന്റെ സൈനിക ശേഷി അടിച്ചു തകർത്തു എന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു പറയുമ്പോൾ അത് വെറും വാചകമടി മാത്രമാണ് എന്ന സൂചനയാണ് യുഎസ് ഇന്റലിജൻസ് നൽകുന്നത്. അവരുടെ പുതിയ കണ്ടെത്തൽ ഇറാൻ 2,500 പുതിയ മിസൈലുകൾ സജ്ജമാക്കി എന്നാണ്. അവ യുഎസ് താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങൾക്കു നേരെയും ഉപയോഗിക്കാൻ ഇറാൻ മടിക്കില്ല. ഷിയാ-സുന്നി സംഘർഷത്തിന്റെ അടിയൊഴുക്കുകൾ അതിലുണ്ട് താനും.
ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് അടിതെറ്റി വീഴുകയും ഇസ്രയേലിൽ ബെന്യാമിൻ നെതന്യാഹു പടി ഇറങ്ങാൻ പോവുകയും ചെയ്യുന്നതു കൊണ്ട് യുഎസ്-ഇസ്രയേൽ സഖ്യം വീണ്ടും ആക്രമണം നടത്താനുളള സാധ്യത കുറവാണെന്നു വിലയിരുത്തലുണ്ട്. ഇറാന്റെ സൈനിക ശേഷി തീർക്കാൻ അത്യുഗ്രമായ ആക്രമണം തന്നെ വേണ്ടി വരും. അതിനു ഗൾഫിലെ താവളങ്ങളും ആവശ്യമായി വരുന്നു.
ആ സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങൾ ഇറാനിൽ നിന്നു കൂടുതൽ രൂക്ഷമായ ആക്രമണം നേരിടാനുള്ള സാധ്യത ശക്തിപ്പെടുന്നത്. ബഹ്റൈനും കുവൈറ്റും കൊണ്ട് അത് തീരാൻ ബുദ്ധിമുട്ടുമാണ്. ട്രംപ് ദുർബലനാവുകയും നെതന്യാഹു പുറത്തു പോവുകയും ചെയ്തിരിക്കെ ഇറാന് ആഞ്ഞടിക്കാനുള്ള സൗകര്യം ഒരുങ്ങിയെന്നതാണ് വസ്തുത.
അതുണ്ടായാൽ യുദ്ധം ആഗ്രഹിക്കാത്ത ഗൾഫ് രാജ്യങ്ങൾ യുദ്ധം ചെയ്യാൻ നിർബന്ധിതരാവും. പ്രതിരോധമെന്ന നിലയ്ക്കെങ്കിലും. തുർക്കിയും പാക്കിസ്ഥാനുമായി സൈനിക സഖ്യമുണ്ടാക്കിയ സൗദിക്ക് അതിന്റെ പ്രയോജനം കണ്ടിട്ടില്ല. യെമെനിൽ മുൻ തലസ്ഥാനം ഏഡൻ വരെ ഹൂത്തികൾ എത്തിക്കഴിഞ്ഞു.
തീർച്ചയായും, ഗൾഫ് അശാന്തിയുടെ നിഴലിലാണ്. കണ്ണടച്ച് അങ്ങിനെയല്ല എന്ന് നമുക്ക് പറയാനാവില്ല. ശാന്തി ഉണ്ടാവട്ടെ എന്നാഗ്രഹിക്കുക മാത്രമേ ചെയ്യാനാവൂ ഇപ്പോൾ. – editor@nrifocus.com

Leave a Reply