പ്രിയപ്പെട്ട ശ്രീനിവാസൻ കടന്നു പോകുന്നത് മലയാള സിനിമയുടെ ചരിത്രത്തിൽ മായാത്ത മുദ്രകൾ പതിപ്പിച്ചാണ്. ഇരുനൂറിലേറെ വേഷങ്ങൾ, കിടയറ്റ ആക്ഷേപഹാസ്യം തുളുമ്പുന്ന സാമൂഹ്യ-രാഷ്ട്രീയ തിരക്കഥകൾ — നടനും തിരക്കഥാകൃത്തും സംവിധായകനുമായി അരങ്ങു തകർത്ത അര നൂറ്റാണ്ട്.
ബഹുമുഖ പ്രതിഭ എന്ന പരിവേഷം ചാർത്തി ഒരു പ്രേക്ഷകന്റെയും വിമർശനം ഏറ്റു വാങ്ങാതെ നിലനിൽക്കുക എന്നതൊരു വിസ്മയം തന്നെയാണ്. സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാൻ ഒരിക്കലും മടിച്ചിട്ടില്ലെങ്കിലും അതിന്റെ പേരിൽ വെറുക്കപ്പെടാൻ കാരണമൊന്നും ഉണ്ടാക്കിയിട്ടില്ല ശ്രീനിവാസൻ.
പ്രവാസിലോകം ശ്രീനിവാസനെ ഓർമിക്കുന്നത് പ്രധാനമായും മൂന്നു ചിത്രങ്ങളിലൂടെയാണ്: മരുഭൂമിയിലെ ജീവിതത്തിന്റെ യാതന തുറന്നു കാട്ടുന്ന, അദ്ദേഹം പ്രധാന വേഷമിട്ട ‘അറബിക്കഥ’ ഒന്ന്. ശ്രീനിവാസൻ തന്നെ തിരക്കഥ എഴുതി മോഹൻലാൽ നായകനായ ‘അയാൾ കഥയെഴുതുകയാണ്’ എന്ന ചിത്രം. പിന്നെ ഇരുവരും കൂടി ചിരിപ്പിച്ചു കൊല്ലുന്ന നാടോടിക്കഥ.
മൂന്നും മൂന്നു തലമാണ്. അറബിക്കഥയിലെ ക്യൂബാ മുകുന്ദൻ പ്രവാസികളിൽ ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ്.
നാട്ടിലെ സഖാക്കളുടെ പാര രാഷ്ട്രീയത്തിൽ മനം മടുത്തു ഗൾഫിലേക്കു എത്തിയപ്പോൾ ആടിനെയും ഒട്ടകത്തെയും നോക്കുന്ന ജോലിയാണ് മുകുന്ദനു തരമായത്. പിന്നെ ചൈനക്കാരിയുമായി ഉണ്ടായ പരിചയവും സൗഹൃദവും മറ്റുമായി കഥ പുരോഗമിക്കുന്നത് പ്രവാസികൾ മറക്കാത്തത് സ്വാനുഭവത്തിന്റെ പ്രതീതി അതു നൽകുന്നു എന്നതു കൊണ്ടാണ്.
സ്വകാര്യത ഇഷ്ടപ്പെടുന്ന ശ്രീനി മനസു തുറന്ന ഒരു രാത്രി ദുബൈയിൽ ‘അറബിക്കഥ’യുടെ ഷൂട്ടിന് എത്തിയപ്പോഴായിരുന്നു. ഷാർജയിലെ ‘ദ ഗൾഫ് ടുഡേ’ പത്രത്തിൽ അന്നു ജോലി ചെയ്തിരുന്ന ഞാൻ ഹോട്ടൽ മുറിയിൽ എത്തുമ്പോൾ ആ പടത്തിനു തിരക്കഥ എഴുതിയ ഡോക്ടർ ഇഖ്ബാൽ കുറ്റിപ്പുറവും സുഹൃത്തു കൂടിയായ ലാൽ ജോസും ശ്രീനിവാസനു ‘ക്യൂബ മുകുന്ദൻ’ എന്ന കഥാപാത്രത്തെ വിശദീകരിച്ചു കൊടുക്കുകയായിരുന്നു.
സഖാവായിരുന്ന അച്ഛൻ ഉണ്ണിയുടെ നിഴൽ മുകുന്ദന്റെ മേൽ വീണിട്ടുണ്ടോ എന്നു ചോദിച്ചപ്പോൾ ഒന്നു ചിരിച്ചു ശ്രീനി പറഞ്ഞു: “ഇഖ്ബാൽ പറയട്ടെ.” ഇഖ്ബാലും ലാൽ ജോസും ഞങ്ങളെ സംസാരിക്കാൻ വിട്ടപ്പോൾ ശ്രീനി മരുഭൂമിയിലെ ജീവിതത്തിന്റെ അനുഭവങ്ങളാണ് വിഷയമാക്കിയത്.
ക്യൂബാ മുകുന്ദനെ ഉൾക്കൊള്ളാൻ തുടങ്ങുകയായിരുന്നു ശ്രീനി. അതേപ്പറ്റി അദ്ദേഹം ഏറെ സംസാരിച്ചു. “സാധാരണ ചെയ്യാറുള്ള കഥാപാത്രങ്ങൾ പോലെയല്ല ഇത്,” ഇഖ്ബാലും ലാൽ ജോസുമൊത്തു മരുഭൂമി യാത്രയും കഴിഞ്ഞിരുന്ന ശ്രീനി പറഞ്ഞു.
പിറ്റേന്നു രാവിലെ ഫാമിൽ ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോൾ ശ്രീനി കഥാപാത്രത്തെ നന്നേ ഉൾക്കൊണ്ടിരുന്നുവെന്നു ലാൽ ജോസ് പറയുന്നത് ഓർക്കുന്നു.
എഴുത്തുകാരൻ എന്ന അഭിമാനം
നടൻ എന്ന നിലയിൽ കൂടുതൽ ദൃശ്യനായി എന്നതു കൊണ്ട് ആ നിലയിലാവും അദ്ദേഹം കൂടുതൽ ഓർമിക്കപ്പെടുക. അവിസ്മരണീയമായ രണ്ടു ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയിലും പ്രേക്ഷക സമൂഹം അദ്ദേഹത്തെ ഓർമിക്കും.
എന്നാൽ എഴുത്തുകാരൻ എന്ന നിലയിൽ ഓർമിക്കപ്പെടാൻ ആയിരുന്നു കൂടുതൽ ഇഷ്ടമെന്നു ശ്രീനിവാസൻ പറഞ്ഞിരുന്നു. അങ്ങിനെയൊന്നു മൃദുവായി പറഞ്ഞത് ആലുവ പാലസിൽ കമലിന്റെ ‘മഴയെത്തും മുൻപേ’ എഴുതാൻ ഇരിക്കുമ്പോഴാണ്. മമ്മൂട്ടിയുടെ താര പരിണാമങ്ങൾ സംഭവിച്ചു കൊണ്ടിരുന്നതിനാൽ പലകുറി മാറ്റി എഴുതേണ്ടി വന്ന തിരക്കഥ. “അതു മാനിക്കാതെ എഴുതിയാൽ പടം ഓടില്ലല്ലോ,” ശ്രീനി പറഞ്ഞു.
അവിസ്മരണീയമായിരുന്നു ആ കൂടിക്കാഴ്ച്ച. ‘മനോരമ’ യ്ക്കു വേണ്ടി അര മണിക്കൂർ ചോദിച്ചു എത്തിയ ഞങ്ങൾക്കു തന്നത് മൂന്നു മണിക്കൂർ. “ഇന്നത്തെ എഴുത്തു മുടങ്ങി അല്ലേ?” ഞാൻ ചോദിച്ചു. “ഇന്ന് മൂഡില്ലാതെ ഇരിപ്പായിരുന്നു,” അദ്ദേഹം പറഞ്ഞു.
എഴുതുന്നവരെ ബഹുമാനിക്കുക എന്നതും അദ്ദേഹം പാലിച്ചിരുന്ന നിയമമാണ്. തന്റെ തിരക്കഥകളെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്ന അദ്ദേഹം, അതിലെ കഥാപാത്രങ്ങളിലൂടെ പേരെടുത്ത ചില നടൻമാർ അക്കാര്യം മറന്നപ്പോൾ ക്ഷോഭിച്ചതും വെറുതെയല്ല.
മദ്രാസ് ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നു പഠനം പൂർത്തിയാക്കിയ ശേഷം കണ്ണൂരിലെ പാട്യം ഗ്രാമത്തിലേക്കു തിരിച്ചു പോയിട്ടു കാര്യമൊന്നുമില്ല എന്ന ഉറച്ച വിശ്വാസമാണ് ശ്രീനിവാസനെ ആദ്യ തിരക്കഥ എഴുതാൻ പ്രേരിപ്പിച്ചത്. ഇക്കണോമിക്‌സിൽ ബിരുദമുണ്ടെങ്കിലും നാട്ടിൽ അതിനൊരു വിലയുമില്ല എന്നറിയാവുന്ന ശ്രീനിവാസൻ അന്നു പ്രിയദർശന്റെ വിളി കേട്ടു. അദ്ദേഹത്തിനു വേണ്ടി ‘ഓടരുതമ്മാവാ ആളറിയാം’ എന്ന തിരക്കഥ എഴുതിയതോടെ സിനിമാ നഗരത്തിൽ പിടിച്ചു നില്ക്കാൻ വഴി തെളിഞ്ഞു.
ഇൻസ്റ്റിട്യൂട്ടിൽ സഹപാഠി ആയിരുന്ന രജനികാന്തും കാലുറപ്പിക്കാൻ പാടുപെടുന്ന കാലം ആയിരുന്നു അത്. “എന്നെപ്പോലെ മറ്റൊരു കറുമ്പൻ, വെളുത്ത തൊലി ഇല്ലാത്തവനു രക്ഷയില്ലാത്ത കാലം,” ഒരു സ്വകാര്യ സംഭാഷണത്തിൽ ശ്രീനിവാസൻ പറഞ്ഞു.
പക്ഷെ അത്തരം പ്രവണതകളൊക്കെ മറികടക്കുന്ന ചുവടുറപ്പിക്കൽ ആയിരുന്നു തിരക്കഥ. പ്രേക്ഷകൻ എണീറ്റുനിന്നു ചിരിച്ച ആ ചിത്രത്തോടെ പ്രിയന്റെ സഹയാത്രികനുമായി.
പാരമ്പര്യ നായക സങ്കൽപം മാറ്റി വയ്ക്കുന്ന തുടക്കം ആയിരുന്നു ‘മണിമുഴക്കം’ എന്ന ചിത്രത്തിൽ പിന്നീടുണ്ടായത്. വാണിജ്യ പരിഗണനകൾ വിഷയമാക്കാത്ത പി എ ബക്കറുടെ ചിത്രം പ്രസ്റ്റീജ് ആയിരുന്നെങ്കിലും പക്ഷെ വാണിജ്യ വിജയം സാധ്യമായിരുന്നില്ല. പിന്നീടാണ് മിഡിൽ സിനിമയിലെ കരുത്തനായ കെ ജി ജോർജിന്റെ ചിത്രത്തിൽ അവസരം ലഭിക്കുന്നത്: ‘മേള.’ മമ്മൂട്ടിയുടെ ആവിർഭാവം കണ്ട സിനിമ.
മമ്മൂട്ടി സിനിമാ വഴികൾ തേടി ചെന്നൈയിൽ എത്തുമ്പോൾ ഇരുവരും ഒന്നിച്ചായിരുന്നു താമസം. ആ ആത്മബന്ധം തുടർന്നു പോന്നു. ശ്രീനി മരിച്ചപ്പോൾ ആദ്യം വീട്ടിൽ എത്തിയ സഹപ്രവർത്തകനും മമ്മൂട്ടി ആയിരുന്നു.
എത്ര തിരക്കഥകൾ, എത്ര കഥാപാത്രങ്ങൾ. മലയാളിക്കു ഒരിക്കലൂം മറക്കാൻ കഴിയാത്ത എത്ര മുഹൂർത്തങ്ങൾ, എത്ര സംഭാഷണങ്ങൾ! – പി പി മാത്യു, കൺസ്ൾട്ടിങ് എഡിറ്റർ – nrifocus.com

Leave a Reply