നമുക്ക് അറിയാം, കേരള ചരിത്രത്തിൽ ആദ്യമായാണ് 2021 ൽ തുടർഭരണം ഉണ്ടാകുന്നത്. അതും 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോഴുണ്ടായിരുന്നതിനേക്കാൾ അധികം സീറ്റും നേടിക്കൊണ്ടായിരുന്നു രണ്ടാം വരവ്.
2010ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തോട് സാമ്യം ഉള്ളതാണ് ഇപ്പോൾ നടന്നതിലും കണ്ടത്.
2010 ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷം ഇതിലും വലിയ ഒരു പരാജയം ഏറ്റു വാങ്ങിയിരുന്നു. എന്നാൽ അതിനു ശേഷം വന്ന നിയമസഭാ ഇലക്ഷന് ഐക്യ ജനാധിപത്യ മുന്നണിക്ക് കാര്യമായ ഒരു മേൽകൈ സൃഷ്ടിച്ചുകൊണ്ട് അധികാരത്തിൽ വരാൻ സാധിച്ചില്ല എന്നതാണ് വാസ്തവം. അതിന് ഒരുപാട് രാഷ്ട്രീയ കാരണങ്ങൾ ഉണ്ട്.
ഇടമലയാർ കേസിൽ മുൻമന്ത്രി ബാലകൃഷ്ണ പിള്ളക്ക് എതിരായി സുപ്രീം കോടതി വിധി വന്നതും, കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ കേസുമൊക്കെ യുഡിഎഫിന് പ്രചാരണ സമയത്ത് തിരിച്ചടിയായി. അന്ന് ഉമ്മൻ ചാണ്ടി നടത്തിയ ജന മോചന യാത്രയുടെ ശോഭ കെടുത്തുന്നതായിരുന്നു ഈ വിവാദങ്ങൾ.
അന്ന് എൽഡിഎഫിൻ്റെ മുന്നണി പോരാളിയായിരുന്ന വി എസ് അച്യുതാനന്ദൻ ഈ വിഷയങ്ങൾ ഫലപ്രദമായി ഉയർത്തിക്കാട്ടി. അതിൻ്റെ പ്രകമ്പനങ്ങൾ മധ്യ തിരുവിതാകൂറിലും തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലും ഇടതു മുന്നണിക്ക് അനുകൂലമായ അടിയൊഴുക്ക് രൂപപ്പെടുത്തി. സ്ഥിതി അങ്ങനെയൊക്കെ ആയിരുന്നെങ്കിലും, ആ സമയത്ത് വടക്കൻ കേരളത്തിൽ നിന്നുള്ള ചില ശക്തരായ നേതാക്കന്മാരെ ഇടതു മുന്നണി ഇലക്ഷന് മുൻപേ പുറത്താക്കിയത് അവർക്ക് വിനയായി. അങ്ങനെ, അന്ന് രണ്ട് സീറ്റിന്റെ കുറവ് മൂലം ഇടതിനു ഭരണം നഷ്ടമായി. തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഐക്യ ജനാധിപത്യ മുന്നണി കേവലം രണ്ടു സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഭരണത്തിലേറി.
എന്നാൽ ഇതുകൊണ്ടൊന്നും 2026 ൽ ഇടത് മുന്നണി അധികാരത്തിൽ എത്തുമെന്നോ അല്ലെങ്കിൽ പിണറായി (3.0) വീണ്ടും മുഖ്യമന്ത്രിയാകുമെന്നോ പറയാനാവില്ല . ഇപ്പോൾ ആഗോള തലത്തിൽ ഭൂരിഭാഗം ഹൈന്ദവ വിശ്വാസികളുടെയും വിരോധത്തിന് ഇട വരുത്തിയ ശബരിമല വിവാദം വലിയ ആഘാതമാണ് എൽഡിഎഫിൻ്റെ സാധ്യതകൾക്ക് ഏൽപ്പിച്ചത്. കൂടാതെ, ലോണാവാല മുതൽ കന്യാകുമാരി വരെ നീണ്ടു കിടക്കുന്ന ദേശിയപാതയുടെ, കേരളത്തിൽ കൂടി കടന്നു പോകുന്ന വഴിയുടെ പിതൃത്വം ഏറ്റെടുത്തു നടത്തിയ പ്രചാരണവും വലിയ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. വികസന മുരടിപ്പും ജനഷേമ പ്രവർത്തനങ്ങൾക്ക് നേരിട്ട സാമ്പത്തിക പ്രതിസന്ധികളും ഒക്കെ അവരുടെ പ്രതിച്ഛായക്ക് മങ്ങൽ ഏല്പിച്ചു.
പ്രവാസികൾക്ക് കൊടുത്ത വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിക്കാൻ കഴിയാതെ പോയതും ഈ സർക്കാരിന് എതിരായ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.
ഒരുപക്ഷെ, വരുന്ന 3-4 മാസക്കാലം കൊണ്ട് നഷ്ടപ്പെട്ട ജനപിന്തുണ, ജനഷേമ പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിലൂടെ നേടിയെടുത്താൽ, ഭരണപക്ഷത്തിന് വീണ്ടും വിധി അനുകൂലമായേക്കാം. രാഷ്ട്രീയത്തിൽ എന്തും സംഭവിക്കാമെന്നാണല്ലോ ചൊല്ല്.
മനേഷ് ജോൺ ഉമ്മൻ, കൺസ്ൾട്ടിങ് എഡിറ്റർ – nrifocus.com

Leave a Reply