ഡിസംബര്‍ 25 മുതല്‍ വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ച് നവി മുംബൈ രാജ്യാന്തര വിമാനത്താവളം. തുടക്കത്തില്‍ 12 മണിക്കൂര്‍ മാത്രമാണ് വിമാനത്താവളം പ്രവര്‍ത്തിക്കുക.
രാവിലെ എട്ടിന് തുറക്കുന്ന വിമാനത്താവളം രാത്രി എട്ടിന് അടക്കും. ദിവസവും 23 ഷെഡ്യൂളുകളാണ് നിശ്ചയിച്ചിരിക്കുന്നത്. വിമാനത്താവളം പൂര്‍ണമായും സജ്ജമായാല്‍ സര്‍വീസുകള്‍ വര്‍ധിപ്പിക്കും. വിമാനത്താവളത്തിലേക്കുള്ള ആദ്യ ഷെഡ്യൂളില്‍ കേരളത്തില്‍ നിന്നും വിമാന സര്‍വീസുണ്ട്.
കൊച്ചിയില്‍ നിന്ന് നവി മുംബൈയിലേക്ക് സര്‍വീസ് നടത്തും. രാവിലെ 11.30ന് ആകാശ എയര്‍ലൈന്‍സിന്റെ വിമാനവും വൈകുന്നേരം 6.25ന് ഇന്‍ഡിഗോ വിമാനവും തിരിച്ച് സര്‍വീസ് നടത്തുമെന്നും ബുക്കിംഗ് സൈറ്റുകളിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
പൊതു-സ്വകാര്യ ഉടമസ്ഥതതയിലുള്ള വിമാനത്താവളമാണ് നവി മുംബൈയിലേത്. പുതിയ വിമാനത്താവളങ്ങളിൽ നൽകാറുള്ള പരമ്പരാഗത ജലപീരങ്കിസല്യൂട്ട് നൽകിയാണ് ആദ്യ വിമാനത്തെ വരവേറ്റത്. തൊട്ടുപിന്നാലെ, ഹൈദരാബാദിലേക്ക് ഇൻഡിഗോ ഫ്ലൈറ്റ് 6E882 രാവിലെ 8:40-ന് പുറപ്പെട്ടു.
ഇൻഡിഗോ വിമാനം പറന്നിറങ്ങിയതോടെ വാണിജ്യ വ്യോമയാന സേവനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ച് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം. ബുധനാഴ്ച രാവിലെ 8:00-ന് ബെംഗളൂരുവിൽ നിന്നാണ് ഇൻഡിഗോ 6E460 വിമാനം നവി മുംബൈയിലേക്ക് എത്തിയത്. ഇത് മുംബൈയുടെ വ്യോമയാന രംഗത്തെ സുപ്രധാന നാഴികക്കല്ലാണ്.
ആദ്യ ദിവസം, ഒൻപത് ആഭ്യന്തര സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന 48 വിമാനങ്ങൾ സർവീസ് നടത്തി. 4,000-ത്തിലധികം യാത്രക്കാർ സഞ്ചരിച്ചു.
ചെയർമാൻ ഗൗതം അദാനി നേരിട്ടെത്തിയാണ് ആദ്യവിമാനത്തിലെ യാത്രക്കാരെ സ്വാഗതം ചെയ്തത്. വിമാനത്താവള ജീവനക്കാരോടും തൊഴിലാളികളോടും ആദ്യമായി വിമാനയാത്ര ചെയ്തവരോടും അദ്ദേഹം സംസാരിച്ചു. പിന്നീട് വിമാനത്താവള ജീവനക്കാർ, കമ്മ്യൂണിറ്റി പ്രതിനിധികൾ, അദാനി ഫൗണ്ടേഷൻ ഗുണഭോക്താക്കൾ എന്നിവർക്കൊപ്പം ഡിപ്പാർച്ചർ ടെർമിനലിലൂടെയുള്ള യാത്രയിൽ അദാനിയും പങ്കുചേർന്നു.
മുംബൈയ്ക്കും ഇന്ത്യയ്ക്കും അഭിമാനകരമായ ഒരു ദിനമാണിതെന്ന് അദാനി പറഞ്ഞു. അഭിലാഷം ലക്ഷ്യത്താൽ നയിക്കപ്പെടുകയും വേഗതയും നിർവ്വഹണവും ഉപയോഗിച്ച് നിറവേറ്റുകയും ചെയ്യുമ്പോൾ രാജ്യത്തിന് എന്ത് നേടാൻ കഴിയുമെന്നതിന്റെ വാഗ്ദാനമായി ഈ വിമാനത്താവളം നിലകൊള്ളുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ എയർ എന്നിവയുടെ എയർലൈൻ നേതൃത്വവും ലോഞ്ചിൽ പങ്കെടുത്തു. പരമ്പരാഗത മഹാരാഷ്ട്ര ലെസിം (നാടോടി നൃത്തം), ധോൾ (പെർക്കുഷൻ ഡ്രംസ്), എന്നിവ ഉൾക്കൊള്ളുന്ന സാംസ്കാരിക പ്രകടനങ്ങളും ശ്രദ്ധേയമായി. സന്ദർശകർക്ക് മഹാരാഷ്ട്രയുടെ സാംസ്കാരിക പൈതൃകത്തിന്റെ അനുഭവം കൂടിയാണ് ഇത് സമ്മാനിച്ചത്.
അതേസമയം 1,160 ഹെക്ടറിൽ 19,650 കോടി ചെലവിലാണ് ഈ വിമാനത്താവളം നിർമിച്ചത്. നാല് ടെർമിനലുകളും രണ്ട് സമാന്തര റൺവേകളുമാണ് ഇവിടെ ഉള്ളത്. ഏകദേശം 47 മെഗാവാട്ട് സൗരോർജ്ജം ഉത്പാദിപ്പിക്കാനുള്ള ക്രമീകരണവും വിമാനത്താവളത്തിൽ ഉണ്ട്. നാല് ടെർമിനലുകളെയും ബന്ധിപ്പിക്കുന്ന ദ്രുത ഗതാഗത സംവിധാനമായ ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ, സുസ്ഥിര വ്യോമയാന ഇന്ധന (SAF) സംഭരണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുമുണ്ട്. – മനേഷ് ജോൺ ഉമ്മൻ, കൺസൾട്ടിങ് എഡിറ്റർ, nrifocus.com

Leave a Reply